വെജിറ്റേറിയൻ പിസ ഓർഡർ ചെയ്തു; കിട്ടിയത് നോൺ വെജിറ്റേറിയൻ പിസ: ഒരു കോടി രൂപ നഷ്ടപരിഹാരം തേടി യുവതി

ന്യൂഡെൽഹി: വെജിറ്റേറിയൻ പിസ ഓർഡർ ചെയ്ത് നോൺ വെജിറ്റേറിയൻ പിസ നൽകിയതിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം തേടി യുവതി. ഡെൽഹി സ്വദേശിനിയായ ദീപാലി ത്യാഗിയാണ് കൺസ്യൂമർ കോടതിയിൽ പരാതിയുമായി എത്തിയിരിക്കുന്നത്.
2019 മാർച് 21 നാണ് കേസിനാസ്പദമായ സംഭവം. വെജിറ്റേറിയൻ പിസ ഓർഡർ ചെയ്ത യുവതിയ്ക്ക് നോൺ വെജ് പിസ ലഭിച്ചുവെന്നും അത് കഴിച്ച ശേഷമാണ് മനസിലായതെന്നും യുവതി പരാതിയിൽ പറഞ്ഞു.
പരാതിയെ തുടർന്ന് പിസ ഔട് ലെറ്റ് അധികൃതർ യുവതിയോട് ക്ഷമ ചോദിക്കുകയും മുഴുവൻ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയൻ പിസ നൽകാമെന്ന് വാഗ്ദാനവും നൽകി. ഇവരുടെ അശ്രദ്ധ മൂലം തൻറെ മതത്തിൻറെ ആചാരത്തെ ലംഘിക്കുന്നതിന് കാരണമായെന്നും അതിനാൽ തന്നെ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനം എന്നും യുവതി പറഞ്ഞു
യുവതിയുടെ പരാതി കേട്ട ഡെൽഹി ജില്ലാ കൺസ്യൂമർ കോടതി കമ്പനിയോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാർച് 17 കേസ് വീണ്ടും പരിഗണിക്കും.