പാർട്ടിക്കെതിരെ കളിച്ചാല്‍ വീട്ടില്‍ തിരിച്ചെത്തില്ല, കൈ തല്ലിയൊടിക്കും, പോലീസിന് സി പി എം നേതാവിന്റെ ഭീഷണി.

കോഴിക്കോട് / കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് പൊലീസിന് സിപിഎം പ്രാദേശിക നേതാവിന്റെ ഭീഷണി. സിപിഎം ഏരിയാ കമ്മിറ്റി അംഗം ഇ. എം ദയാനന്ദനാണ് ചോമ്പാല പൊലീസിനെ ഭീഷണി മുഴക്കിയിരിക്കുന്നത്. കോവിഡിന്റെ സാഹചര്യത്തിൽ പുതുവത്സര ആഘോഷത്തിനെതിരായ പൊലീസ് നടപടിയിൽ പ്രകോപിതനായാണ് സി പി എം നേതാവിന്റെ ഭീക്ഷണി ഉണ്ടായത്. ഭീഷണി മുഴക്കുന്ന പ്രസംഗത്തിന്റെ വിഡിയോ ഇപ്പോഴാണ് പുറത്ത് വന്നിരിക്കുന്നത്.
പാർട്ടിക്കെതിരെ കളിച്ചാല്‍ വീട്ടില്‍ തിരിച്ചെത്തില്ലന്നും കൈ തല്ലിയൊടിക്കുമെന്നുമായിരുന്നു സി.പി.എം നേതാവും ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവുമായ ഇ.എം ദയാനന്ദന്റെ ഭീഷണി. യൂണിഫോം അഴിച്ചുവച്ച് വരാൻ പൊലീസിനെ ദയാനന്ദൻ വെല്ലുവിളിച്ചു. മെയ്യഭ്യാസം പഠിച്ചിട്ടാണ് നിൽക്കുന്നതെന്നും കളിക്കാൻ നിൽക്കരുതെന്നും ദയാനന്ദൻ പരസ്യമായി ഭീഷണി ഉയർത്തി. ഭീഷണി പ്രസംഗത്തിന്റെ വിഡിയോ വൈറലായതോടെ സംഭവം വിവാദമായിരിക്കുകയാണ്.
ഹേമന്ദ് എന്ന പ്രവർത്തകനെ പൊലീസ് മർദിച്ചുവെന്നാണ് പാർട്ടിയുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് പാർട്ടി വിളിച്ചു ചേർത്ത യോഗത്തിലാണ് സിപിഐഎം നേതാവ് ഭീഷണി മുഴക്കിയത്. അതേസമയം, പൊലീസിനെ പരസ്യമായി ഭീഷണപ്പെടുത്തിയ സി.പി.എം നേതാവിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. പൊലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ച ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം ഇ.എം ദയാനന്ദനെതിരെയാണ് കേസെടുക്കേണ്ടതില്ലെന്ന നിലപാടില്‍ പൊലീസ് എത്തുകയായിരുന്നു. സംഭവത്തിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് വടകര സി.ഐ സന്തോഷ്കുമാർ ഇക്കാര്യത്തിൽ പറഞ്ഞിരിക്കുന്നത്.