
ഇതരജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ചതിന്റെ പേരിൽ 27കാരനായ ദളിത് യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു.തമിഴ്നാട് തിരുനെൽവേലി കെ.ടി.സി. നഗരത്തിലാണ് ഞായറാഴ്ച ഉച്ചയോടെ കൊലപാതകം നടന്നത്. തൂത്തുക്കുടി ജില്ലയിലെ അറുമുഗമംഗലം സ്വദേശിയും ഐ.ടി. ജീവനക്കാരനുമായ കെവിൻ സെൽവ ഗണേഷിനെയാണ് ആക്രമിച്ചത്. 23 കാരനായ എസ്. സുർജിത്താണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കെവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സുർജിത്തിന്റെ സഹോദരിയുമായി കെവിൻ ദീർഘകാലമായി പ്രണയത്തിലായിരുന്നു. യുവതിയുടെ കുടുംബം വിവാഹത്തിന് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളിൽ നിന്ന് ഭീഷണിയുണ്ടെന്ന് കെവിൻ സഹോദരനെ അറിയിച്ചിരുന്നുവെങ്കിലും നിയമപരമായി നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.
യുവതിയുടെ ക്ലിനിക്കിൽ മുത്തച്ഛനെ ചികിത്സിക്കാനെത്തിയ കെവിനെ ക്ലിനിക്കിന് പുറത്ത് കാത്തുനിന്ന സുർജിത്ത് ആദ്യം ജാതി അധിക്ഷേപം നടത്തുകയും തുടർന്ന് വടിവാൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. കെവിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. കേസിൽ യുവതിയുടെ അച്ഛനും അമ്മയും ഒന്നാം പ്രതികളായും സുർജിത്ത് മൂന്നാം പ്രതിയായും പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മാതാപിതാക്കൾ പൊലീസുകാരായതിനാൽ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കെവിന്റെ കുടുംബവും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറായില്ല.
Tag: Honor killing; Dalit youth hacked to death in broad daylight