ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം,ആളപായമില്ല
ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. ചിത്തിര കായലിലെ കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ബോട്ടിന്റെ പിറകിൽ ഇലക്ട്രിക് സാധനങ്ങൾ വെച്ചിരുന്ന സ്ഥലത്ത് നിന്നായിരുന്നു തീപടർന്നത്.
പുന്നമടക്കായൽ ലക്ഷ്യം വെച്ച് സഞ്ചരിച്ച ബോട്ട് ചിത്തിര കായലിൽ എത്തിയപ്പോഴാണ് തീപിടിച്ചത്. പിന്നീട് ഹൗസ് ബോട്ടിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് കരയിലേക്ക് അടുപ്പിക്കുകയും അടുത്തുള്ള ഒരു തുരുത്തിൽ സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.ബോട്ടിന്റെ ഓല മേഞ്ഞ ഭാഗത്ത് തീ പടരുകയും പൂർണമായും ബോട്ട് കത്തുകയുമായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനം. ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഹൗസ് ബോട്ടിന്റെ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. യാത്രക്കാരെ മറ്റൊരു ബോട്ടിൽ കയറ്റി കുമരകത്തേക്ക് തിരികെ അയച്ചു.
Tag: Houseboat catches fire in Alappuzha; Initial investigation suggests short circuit, no casualties