പറവൂരിൽ വീട്ടമ്മയുടെ ആത്മഹത്യ: പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആത്മഹത്യാപ്രേരണ കേസ്
എറണാകുളം പറവൂരിൽ പലിശക്കാരുടെ ഭീഷണിയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കൂടുതൽ നടപടികളിലേക്ക്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനുമെതിരെ ആത്മഹത്യാപ്രേരണ കേസ് ചുമത്തി.
കോട്ടുവള്ളി സ്വദേശി ആശ ബെന്നിയാണ് ഇന്നലെ വൈകുന്നേരം പുഴയിൽ ചാടി ജീവനൊടുക്കിയത്. ബിന്ദുവിൽ നിന്ന് പണം വാങ്ങിയ ആശയ്ക്ക് പലിശയടക്കത്തിൽ അമിത ഭാരം വന്നതും ഭീഷണികൾ നേരിട്ടതുമാണ് ആത്മഹത്യക്ക് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. ആശയുടെ ആത്മഹത്യ കുറിപ്പിലും ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.
ഭർത്താവ് ബെന്നിയുടെ ആരോപണമനുസരിച്ച്, രണ്ടുതവണയായി 10 ലക്ഷം രൂപ കടം വാങ്ങിയെങ്കിലും 24 ലക്ഷത്തോളം തിരികെ നൽകിയിട്ടുണ്ട്. പൊലീസിൽ മുൻപ് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു. പ്രദീപ് കുമാറും ബിന്ദുവും ഒളിവിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പറവൂർ പൊലീസ് വ്യക്തമാക്കി. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ പ്രതിയായിരുന്നു പ്രദീപ്.
ബിന്ദു നൽകിയ പണത്തിന്റെ സ്രോതസ്സും, ആശ അത് എങ്ങനെ വിനിയോഗിച്ചു എന്നും അന്വേഷണം നടക്കുന്നു. മറ്റ് പലിശക്കാരിൽ നിന്നും ആശ കടം വാങ്ങിയിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. ബാങ്ക് അക്കൗണ്ട് വഴി ചെറിയ ഇടപാടുകൾ മാത്രമാണ് പ്രദീപ് കുമാറുമായി നടന്നിട്ടുള്ളത്. ഭൂരിഭാഗം ഇടപാടുകളും പണമായി തന്നെയാണെന്ന് നടന്നിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ആശയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കേസ് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
Tag: Housewife commits suicide in Paravur: Abetment to suicide case filed against police officer and wife