വില്ലനായി പലപ്പോഴും ഇക്കിള്‍ വന്നേക്കാം, ഇക്കിള്‍ വന്നാല്‍ ചെയ്യേണ്ടതിങ്ങനെ

മുന്നറിയിപ്പൊന്നുമില്ലാതെ വിചിത്രമായ ശബ്ദത്തോടെ എത്തുന്ന ഇക്കിള്‍ എല്ലാവരും അനുഭവിച്ചിട്ടുണ്ടാവും. ഇക്കിള്‍ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും അതിന്റെ കാരണമെന്താണെന്നും അറിയാമോ?. ഉദരവും നെഞ്ചും തമ്മില്‍ വേര്‍തിരിക്കുന്ന പേശിയായ ഡയഫ്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ താളം തെറ്റുമ്പോഴാണ് ഇക്കിളുണ്ടാകുന്നത്. സാധാരണഗതിയില്‍ ഡയഫ്രത്തിന്റ ചുരുക്കവും അയയലും ശ്വസനപ്രക്രിയകളും കൃത്യമായ ഒരു താളത്തിലങ്ങനെ പോകും. പക്ഷേ ചിലപ്പോള്‍ ഡയഫ്രത്തിന്റെ അനിയന്ത്രിതവും പെട്ടെന്നുള്ളതുമായ സങ്കോചമാണ് (spasm) ഇക്കിളിന്റെ കാരണം.
ഇക്കിള്‍ ഉണ്ടാകാന്‍ കാരണം
ശാരീരികമായോ വൈകാരികമായോയുളള നിരവധി കാരണങ്ങള്‍ മൂലം ഇക്കിളുണ്ടാകാം. സാധാരണയായി കാണുന്ന ചില കാരണങ്ങള്‍ ഇതാണ്.
അളവില്‍ കൂടുതല്‍ അല്ലെങ്കില്‍ അതിവേഗം ഭക്ഷണം കഴിക്കുക
വല്ലാതെ ഭയക്കുമ്പോള്‍
കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുമ്പോള്‍
കൂടുതല്‍ മദ്യപിക്കുമ്പോള്‍
മാനസിക സമ്മര്‍ദം
പെട്ടെന്നുളള കാലാവസ്ഥ മാറ്റം
പെട്ടന്ന് വികാരഭരിതരാകുക
ക്ഷോഭം കൊള്ളുക
ഇക്കിള്‍ മാറ്റാനുളള വഴികള്‍
വെളളം കുടിക്കുക, പഞ്ചസാര കഴിക്കുക, നാക്ക് കുറച്ചുനേരത്തേക്ക് പുറത്തേക്ക് വലിച്ചുപിടിക്കുക, ഭയപ്പെടുത്തുക എന്നിവയൊക്കെ ഇക്കിള്‍ മാറ്റുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. പക്ഷേ ഇവയൊക്കെ ഫലവത്താണോ എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.
ഒരു സ്പൂണ്‍ പഞ്ചസാര കഴിക്കുക
ഇത് പഴക്കം ചെന്നതും ഫലവത്തായതുമായ മാര്‍ഗമാണ്. ഒരു സ്പൂണ്‍ നിറയെ പഞ്ചസാര കഴിക്കുന്നത് ഇക്കിളിനെ വളരെ പെട്ടെന്ന് മാറ്റുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നുണ്ട
കുറച്ച് തേന്‍
ഒരു ടീസ്പൂണ്‍ തേന്‍ ചെറുചൂടുളള വെളളത്തില്‍ ഇളക്കിയശേഷം നാവിന്റെ അടിഭാഗത്ത് ഒഴിക്കുക. അതിനുശേഷം അത് കുടിക്കുക. ശ്വസനം നിയന്ത്രിക്കാനും ഇക്കിള്‍ നില്‍ക്കാനും ഇത് സഹായിക്കും.
ഐസ് ഇട്ട തണുത്ത വെളളം കുടിക്കുക
ഐസ് ഇട്ട തണുത്ത വെളളം കുടിക്കുന്നതും ഇക്കിള്‍ മാറ്റാന്‍ സഹായിക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റി സ്വദേശിയായ കാര്‍ഡിയോളജിസ്റ്റ് ഡോ.മെഹ്‌മത് നിര്‍ദേശിച്ചിട്ടുണ്ട്.
നാരങ്ങാ നീര് കുടിക്കുക
ഇക്കിള്‍ ഉണ്ടാകുമ്പോള്‍ നാരങ്ങ നീര് കുടിക്കുക. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ നാരങ്ങ ഇക്കിള്‍ മാറ്റാന്‍ സഹായിക്കുമെന്ന് പറയുന്നു.
കുറച്ചുനേരം ശ്വാസം പിടിച്ചുവയ്ക്കുക
ശ്വാസം കുറച്ചുനേരത്തേക്ക് പിടിച്ചു വയ്ക്കുക. എന്നിട്ട് പതുക്കെ ശ്വാസം വിടുക. ഇങ്ങനെ കുറച്ചുനേരം ചെയ്യുക. ശ്വാസം പിടിച്ചുവയ്ക്കുന്നതിലൂടെ ഡയഫ്രത്തിന് റിലാക്‌സ് ആകാന്‍ സമയം ലഭിക്കും. അതിലൂടെ ഇക്കിള്‍ മാറും.
ഇക്കിള്‍ വരുന്നതുകൊണ്ട് ആരോഗ്യപരമായി ദോഷമൊന്നുമില്ല. ചിലപ്പോഴൊക്കെ ഇക്കിള്‍ വന്നാലും പെട്ടെന്ന് തന്നെ മാറാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഇക്കിള്‍ മാറാന്‍ ബുദ്ധിമുട്ടേണ്ടി വരാറുണ്ട്. 48 മണിക്കൂറിലധികം ഇക്കിള്‍ നീണ്ടുനില്‍ക്കുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടണം. ശ്വാസംമുട്ടല്‍, ഛര്‍ദി, വയറുവേദന, പനി, അല്ലെങ്കില്‍ രക്തസ്രാവം എന്നിവയും ഇക്കിളിനൊപ്പം ഉണ്ടെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുക.