വിദേശ കറൻസി കടത്തിന് പിന്നിൽ വമ്പൻ സ്രാവുകൾ,സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ.

കൊച്ചി/ വിവാദമായ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശ കറൻസി കടത്തിയതിന് പിന്നിൽ വമ്പൻ സ്രാവുകളെന്ന് കോടതി. സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴിയിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വമ്പന്മാരുടെ പേരുകൾ പുറത്ത് വിടുന്നില്ലെന്നും വിദേശ കറൻസി കടത്തിന് വേണ്ടി ഉന്നത പദവി ദുരുപയോഗം ചെയ്തെന്നും പ്രത്യേക സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി പരാമർശിക്കുകയുണ്ടായി. മൊഴിയുടെ അടിസ്ഥാനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോടതി തന്നെ വ്യക്തമാക്കി. സ്വർണക്കടത്ത് കേസില്‍ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരല്ലാതെ കൂടുതൽ വിദേശ പൗരന്മാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വപ്ന നവംബർ 27ന് കസ്റ്റംസിനു നൽകിയ രഹസ്യ മൊഴിയിലാണ് ഈ സുപ്രധാന വിവരമുള്ളത്. ഈ മൊഴി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളുടെ പേരുകൾ പുറത്തു വിട്ടിട്ടില്ല. ഇവരുടെ പാസ്‌പോർട്ട്, യാത്രാ വിവരങ്ങൾ എന്നിവ ശേഖരിച്ചു വരികയാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഈ മാസം ഏഴ് വരെ കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായി. കേസിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കസ്റ്റംസിനോട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി നിർദേശിക്കുകയുണ്ടായി. സ്വപ്നയുടെ മൊഴി ചോർത്തിയ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി എടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.