ക്രിസ്ത്യന്‍ വനിതയ്ക്ക് അന്ത്യശുശ്രൂഷ മദ്രസയില്‍,മദ്രസയ്ക്ക് ഒരു ദിവസം അവധി;മാതൃകയാക്കണം മലപ്പുറത്തെ പൊന്നാട് എന്ന നാടിനെ

മലപ്പുറം; ക്രിസ്ത്യന്‍ വനിതയ്ക്ക് മദ്രസയില്‍ അന്ത്യശുശ്രൂഷയൊരുക്കിയാണ് ഒരു നാട് മാതൃകയായത്. മതസൗഹാര്‍ദ്ദതയുടെ നേര്‍ക്കാഴ്ചയായി മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമം. പൊന്നാട് തഹ്ലിമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ ബ്രിഡ്ജറ്റ് റിച്ചാര്‍ഡ്‌സ് എന്ന 84-കാരിക്കാണ് അന്ത്യ ശുശ്രൂഷയൊരുക്കിയത്. വീട്ടില്‍ സൗകര്യമില്ലാത്തതിനാലാണ് ബ്രിഡ്ജറ്റ് റിച്ചാര്‍ഡ്‌സിന്റെ അന്ത്യശുശ്രൂഷ മദ്രസയില്‍വെച്ച് നടത്തിയത്. ഇവരുടെ മൃതദേഹം ഒരു രാത്രി മദ്രസയിലെ ക്ലാസ് മുറിയില്‍ സൂക്ഷിക്കുകയും ചെയ്തു.
കോഴിക്കോട് സ്വദേശിയായ ബ്രിഡ്ജറ്റ് റിച്ചാര്‍ഡ്‌സിന് മഞ്ചേരിയിലായിരുന്നു ജോലി. ജോലിയില്‍നിന്ന് വിരമിച്ച ശേഷം നാലു സെന്റ് സ്ഥലം വാങ്ങി, 13 വര്‍ഷമായി ഇവര്‍ പൊന്നാട്ടാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇവരുടെ ഭര്‍ത്താവ് മരിക്കുകയും ചെയ്തു. ഇതോടെ, സഹപ്രവര്‍ത്തകയായ ജാനകി എന്ന സ്ത്രീയാണ് ബ്രിഡ്ജറ്റിന് കൂട്ടായി ഉണ്ടായിരുന്നത്. നാട്ടുകാരുമായി ഉറ്റ സൌഹൃദത്തിലായിരുന്നു ഇവര്‍. അയല്‍വാസികളുടെ എന്ത് കാര്യത്തിനും മുന്നില്‍ ഉണ്ടായിരുന്ന ബ്രിഡ്ജറ്റിനെ എല്ലാവരും അമ്മച്ചി എന്നാണ് വിളിച്ചിരുന്നത്.
വാര്‍ദ്ദക്യസഹജമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ചാണ് ബ്രിഡ്ജറ്റ് കഴിഞ്ഞ ദിവസം അന്തരിച്ചത്. തുടര്‍ന്ന് മൃതദേഹം പൊന്നാട്ടെ വസതിയിലേക്കു കൊണ്ടുവന്നു. ശനിയാഴ്ച രാവിലെ കോഴിക്കോട് വെസ്റ്റ് ഹില്‍ സെമിത്തേരിയിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തേണ്ടിയിരുന്നത്. അതുവരെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കണമായിരുന്നു. എന്നാല്‍ സ്ഥലക്കുറവ് കാരണം ഫ്രീസര്‍ ബ്രിഡ്ജറ്റിന്റെ വീട്ടിനുള്ളിലേക്കു കൊണ്ടുവരാന്‍ സാധിച്ചില്ല.ഇതോടെയാണ് പൊന്നാട് തഹ്ലിമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ മൃതദേഹം സൂക്ഷിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. മദ്രസയിലെ ക്ലാസ് മുറിയിലായിരുന്നു ഫ്രീസറിനുള്ളില്‍ മൃതദേഹം സൂക്ഷിച്ചത്. മൃതദേഹം സൂക്ഷിച്ച ക്ലാസിന് ശനിയാഴ്ച മദ്രസയില്‍ അവധി നല്‍കുകയും ചെയ്തു. അന്ത്യശുശ്രൂഷകളും മദ്രസയില്‍വെച്ച് തന്നെ നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു.
ഇതിനു മുന്നോടിയായി മദ്രസയുടെ സമീപത്തുവെച്ച് മൃതദേഹം അവസാനമായി കുളിപ്പിച്ചു. സ്‌ട്രെച്ചറില്‍ എത്തിച്ച മൃതദേഹം ബ്രിഡ്ജറ്റിന്റെ സമീപവാസികളായ മുസ്ലീം സ്ത്രീകളാണ് കുളിപ്പിച്ചത്. ഇതിനുശേഷം അന്ത്യ ശുശ്രൂഷ ചടങ്ങുകള്‍ മദ്രസയില്‍ വെച്ച് നടന്നു. കോഴിക്കോട് നിന്ന് എത്തിയ വൈദികനാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. അതിനുശേഷം മൃതദേഹം വെസ്റ്റ് ഹില്ലിലെ പള്ളി സെമിത്തേരിയില്‍ എത്തിച്ചു സംസ്‌ക്കരിക്കുകയായിരുന്നു.
നാട്ടുകാര്‍ ഒറ്റക്കെട്ടായാണ് ബ്രിഡ്ജറ്റിന് അന്ത്യയാത്രയേകിയത്. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പൊന്നാട് തഹ്ലിമുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ എത്തിയിരുന്നു. മതസൗഹാര്‍ദ്ദതയുടെ നേര്‍ക്കാഴ്ചയായി മാറിയ പൊന്നാട് എന്ന ഗ്രാമത്തിന് അഭിനന്ദനങ്ങളുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും എത്തിയിട്ടുണ്ട്.