കാനഡയിലേക്ക് മനുഷ്യക്കടത്ത്: പിടിയിലായവര്‍ തമിഴ്‌നാട് അഭയാര്‍ഥി ക്യാമ്പിലുള്ള ശ്രീലങ്കന്‍ തമിഴ് വംശജര്‍
ന്യുഡല്‍ഹി: തമിഴ്‌നാട്ടിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നുമുള്ള ശ്രീലങ്കക്കാരെ കാനഡയിലേക്ക് കടത്തുന്നത് പിടികൂടി. യുഎസ് നാവികസേനയാണ് 59 ശ്രീലങ്കന്‍ തമിഴ് വംശജരെ പിടികൂടിയത്. മത്സ്യബന്ധന ബോട്ടിലാണ് ഇവര്‍ കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യുഎസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
സെപ്റ്റംബര്‍ പകുതിയോടെയാണ് മധുര, തിരുച്ചിറപ്പള്ളി ക്യാമ്പുകളില്‍ നിന്നുള്ള സംഘം കാനഡയിലേക്ക് യാത്ര തിരിച്ചത്. യുഎസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
ബോട്ട് കേരളത്തില്‍ നിന്നാണ് വാങ്ങിയതെന്ന് സംഘത്തിലുള്ളവര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തില്‍ തമിഴ്നാട് ക്യൂബ്രാഞ്ചും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. മുന്‍പും കേരളം കേന്ദ്രീകരിച്ച് ബോട്ടില്‍ മനുഷ്യക്കടത്തിന് ശ്രമം നടന്നിരുന്നു.