ഗാസയെ യുദ്ധമേഖലയായി പ്രഖ്യാപിച്ചതോടെ മാനുഷിക സഹായം തടഞ്ഞു; ഇസ്രയേൽ സൈന്യത്തിന്റെ നീക്കം വിവാദത്തിൽ

ഗാസ നഗരത്തെ അപകടകരമായ യുദ്ധമേഖലയായി പ്രഖ്യാപിച്ചുകൊണ്ട്, മാനുഷിക സഹായത്തിന് അനുവദിച്ചിരുന്ന ഇടവേള റദ്ദാക്കിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. വെള്ളിയാഴ്ചയാണ് പ്രഖ്യാപനം. കഴിഞ്ഞ മാസം, രാവിലെ 10 മുതൽ വൈകുന്നേരം 8 വരെ ഭക്ഷണം, വെള്ളം, മറ്റ് ആവശ്യസാധനങ്ങൾ എത്തിക്കാൻ അനുവദിച്ചിരുന്ന അനുമതിയാണ് പിൻവലിച്ചത്. ഗാസ സിറ്റി, ദേർ അൽ ബാലാ, മുവാസി ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇളവ് റദ്ദാക്കിയത്. വീടുകളും ആശ്രയവും നഷ്ടപ്പെട്ട ആയിരക്കണക്കിന് ആളുകൾ ഇവിടെ അഭയം തേടിയിരിക്കുകയാണ്. വലിയ തോതിലുള്ള കരയുദ്ധത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
സഹായ പ്രവർത്തകരെയും സംഘടനകളെയും പ്രഖ്യാപനം മുൻകൂട്ടി അറിയിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. ഹമാസിന്റെ പ്രധാന ശക്തികേന്ദ്രമായി ഗാസയെ കണ്ടിരുന്ന ഇസ്രയേൽ, ഇപ്പോൾ ശക്തമായ ആക്രമണത്തിനൊരുങ്ങുന്നതായി സൂചനകൾ പുറത്തുവരുന്നു.
ഇസ്രയേൽ പദ്ധതിപ്രകാരം ആക്രമണം ശക്തിപ്പെട്ടാൽ, ഗാസയിലെ ആശുപത്രികളിൽ പകുതിയിലേറെ കിടക്കകൾ പ്രവർത്തനരഹിതമാകുമെന്ന് മുന്നറിയിപ്പുണ്ട്. മാസങ്ങളായി ഗാസ ക്ഷാമമുഖത്ത് ആയിരിക്കെ, സഹായം പൂർണ്ണമായും നിർത്തലാക്കിയത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകി.
“കരയുദ്ധം ആരംഭിക്കുന്നത് കുറ്റകരമാണ്” എന്ന് നോർവീജിയൻ അഭയാർത്ഥി കൗൺസിൽ പ്രതികരിച്ചു. ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കുന്നത് ഇപ്പോൾ അതീവ പ്രയാസകരമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. വലിയ ആൾനാശം വിതയ്ക്കുന്ന ഡബിൾ ടാപ് ആക്രമണരീതി മൂലം ആഗോള വിമർശനങ്ങൾ നേരിടുന്ന ഇസ്രയേൽ, ഈ പുതിയ നീക്കത്താൽ വീണ്ടും അന്താരാഷ്ട്ര സമ്മർദ്ദത്തിൽപ്പെടാനാണ് സാധ്യത.
Tag: Humanitarian aid blocked after Gaza declared a war zone; Israeli military’s move sparks controversy