പ്രതിരോധ രംഗത്ത് നിർണായക ചുവടുവയ്‌പ്പുമായി രാജ്യം, എലീറ്റ് ക്ലബില്‍ ഇന്ത്യയും, മിന്നല്പിണർ പോലെ ഹൈപ്പർ സോണിക് മിസൈലുകൾ.

ലോകത്തെ ഹൈപ്പർ സോണിക് മിസൈൽ ക്ലബിൽ ഇടം നേടി, ഇന്ത്യ പ്രതിരോധ രംഗത്ത് നിർണായക ചുവടുവയ്‌പ്പു നടത്തി. അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെയാണ് ഹൈപ്പർ സോണിക് മിസൈലുകൾ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുകയും വിജയകരമായി പരീക്ഷിക്കുകയും ചെയ്യുന്ന നാലാമത്തെ ലോകത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.
തിങ്കളാഴ്ച രാവിലെ 11.03 മണിക്ക് ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ഹൈപ്പർ സോണിക് ടെസ്റ്റ് ഡെമോൺസ്‌ട്രേറ്റർ വെഹിക്കിൾ അഗ്നി മിസൈൽ ബൂസ്‌റ്റർ ഉപയോഗിച്ച് ഇന്ത്യ പരീക്ഷിക്കുകയുണ്ടായി. ഒഡിഷയിലെ ബലോസോറിലെ എ.പി.ജെ. അബ്ദുൾകലാം ടെസ്റ്റിംഗ് റേഞ്ചിൽ വച്ചാണ് ഇന്ത്യഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഡി.ആർ.ഡി.ഒ തലവൻ സതീഷ് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. നിലവിലുള്ള മിസൈലുകളെക്കാൾ സെക്കൻഡിൽ ഒരു കിലോമീറ്ററിലധികം വിഹഗത്തിൽ സഞ്ചരിക്കാൻ പുതിയ സാങ്കേതിക വിദ്യയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന മിസൈലുകൾക്ക് കഴിയും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സെക്കന്റിൽ രണ്ട് കിലോ മീറ്ററിലധികം സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർ സോണിക് മിസൈലുകൾക്ക് കൂടി ഇന്ത്യ ജീവൻ നൽകും. മുൻകൂട്ടി നിശ്ചയിച്ച എല്ലാ പാരാമീറ്ററുകളിലും മിസൈൽ പരീക്ഷണം വിജയം കാണുകയായിരുന്നു.
വിക്ഷേപണത്തിന് ശേഷം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഡി.ആർ.ഡി.ഒയെ അഭിനന്ദിച്ചു. ആത്മനിർഭർ ഭാരതിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന നേട്ടമാണിതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈ വിജയത്തോടെ, രാജ്യം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നതിന്റെ നിർണായക ചുവടുവയ്പ്പ് പൂർത്തിയാക്കിയതെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.
