ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല, കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ വേണ്ട.

മൂവാറ്റുപുഴ / വിവാദമായ പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ മന്ത്രി വി.കെ. ഇബ്രാ ഹിംകുഞ്ഞി ന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിട്ടുകി ട്ടണമെന്നുള്ള അപേക്ഷയും കോടതി അംഗീകരിച്ചില്ല. മൂവാ റ്റുപുഴ വിജിലൻസ് കോടതിയുടേതാണ് തീരുമാനം. അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ നൽകില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് പറഞ്ഞ കോടതി, അഞ്ചു മണിക്കൂർ ആശുപത്രിയിൽ ചോദ്യം ചെയ്യുന്നതിന് അനുമതി നൽകുകയുണ്ടായി.
ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ രാവില 9 മണി മുതൽ 12 മണി വരെയും വൈകിട്ട് 3 മണി മുതൽ 5 മണി വരെയും ചോദ്യം ചെയ്യാനാണ്കോടതി അനുവാദം നൽകിയിരിക്കുന്നത്. ഓരോ മണിക്കൂറിലും 15 മിനിറ്റ് ഇടവേള നൽകണമെന്നും കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷം വേണം ചോദ്യം ചെയ്യാനെത്തേണ്ടതെന്നും, ചോദ്യം ചെയ്യലിനിടെ ഇബ്രാഹിംകുഞ്ഞിന് ഡോക്ടറുടെ സേവനം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞിട്ടുണ്ട്. തനിക്കെതിരെയുള്ള സാമ്പത്തിക അഴിമതി ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കാണിച്ചായിരുന്നു ഇബ്രാഹിംകുഞ്ഞ് വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നത്. കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞ് മൊബിലൈസേഷൻ അനുവദിച്ചതിലൂടെ കരാറുകാരന് നേട്ടമുണ്ടായതായി വിജിലൻസ് കോടതിയിൽ വാദിക്കുകയായിരുന്നു. ടെൻഡറിൽ ഇല്ലാതിരുന്ന മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ വ്യവസ്ഥ ഇല്ലാതിരിക്കെ ഇതു ചെയ്തതിനാൽ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കുന്നുവെന്നാണ് കോടതിയിൽ വിജിലൻസ് പറഞ്ഞത്. ഒന്നാം പ്രതി സുമിത് ഗോയൽ ഉടമയായ കമ്പനിക്ക് കരാർ നൽകിയതിൽ ഗൂഡാലോചനയുണ്ടെന്നും, ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപയ്ക്ക് ആദായനികുതി വകുപ്പിൽ പിഴയൊടുക്കിയിട്ടുണ്ടെന്നും വിജിലൻസ് വാദിക്കുകയുണ്ടായി.