കോവിഡ് പ്രതിരോധശേഷി: ‘സിറോ പോസിറ്റീവ്’ ആയവര്‍ ഏറ്റവും കുറവ് കേരളത്തില്‍; ഐ സി എം ആര്‍ സെറോ സര്‍വേ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ ആകെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ശതമാനത്തിലും കൊറൊണ വൈറസിന്റെ ആന്റിബോഡി വികസിച്ചതായി കണ്ടെത്തി. വാക്‌സിന്‍വഴിയോ രോഗംവന്നതുമൂലമോ ആണ് ഇവര്‍ കോവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കേരളത്തിലാണ് ഏറ്റവും കുറവ് പ്രതിരോധ ശേഷി കൈവരിച്ചവരുള്ളത്. 44.4 ശതമാനമാണ് സംസ്ഥാനത്തെ ‘സിറോ പോസിറ്റിവ്’ നിരക്ക്. ഏറ്റവും മുന്നിലുള്ള മധ്യപ്രദേശില്‍ ഇത് 79 ശതമാനമാണ്. അസമില്‍ 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. പഠനം നടത്തിയ മറ്റ് സംസ്ഥാനങ്ങളിലെല്ലാം അന്‍പത് ശതമാനത്തിന് മുകളിലെത്തിയപ്പോള്‍ കേരളത്തില്‍ മാത്രമാണ് അതിലും താഴെ നില്‍ക്കുന്നത്.
ഇത്തരം പഠനങ്ങള്‍ വഴി സംസ്ഥാനങ്ങള്‍ക്ക് അവരുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗതി നിര്‍ണയിക്കാനും കൂടുതല്‍ വേഗത്തിലാക്കാനും സഹായിക്കുമെന്ന് ഐസിഎംആര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ സിറോ പോസിറ്റിവ് നിരക്ക് ഇങ്ങനെ…
മധ്യപ്രദേശ് – 79
രാജസ്ഥാന്‍ – 76.2
ബിഹാര്‍-75.9
ഗുജറാത്ത്-75.3
ഛത്തീസ്ഗഢ്-74.6
ഉത്തരാഖണ്ഡ്-73.1
ഉത്തര്‍പ്രദേശ്-71
ആന്ധ്രപ്രദേശ്-70.2
കര്‍ണാടക-69.8
തമിഴ്നാട്-69.2
ഒഡിഷ-68.1
പഞ്ചാബ്-66.5 തെലങ്കാന-63.1 ജമ്മുകശ്മീര്‍-63 ഹിമാചല്‍പ്രദേശ്-62 ജാര്‍ഖണ്ഡ്-61.2 പശ്ചിമബംഗാള്‍-60.9 ഹരിയാണ-60.1 മഹാരാഷ്ട്ര-58
അസം-50.3