ഐസിയു പീഡനക്കേസ് ; ജീവനക്കാർ തിരികെ എത്തിയതിൽ പ്രതിഷേധിച്ച് അതിജീവതയുടെ സമരം
സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച അതിജീവിത നീതി വേണമെന്നും പ്രതികളെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടു

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിത വീണ്ടും സമരത്തിലേക്ക്. സ്ഥലം മാറ്റിയ ജീവനക്കാർ തിരികെ എത്തിയതിലാണ് പ്രതിഷേധം. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് അതിജീവിത ആരോപിച്ചു. പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ച അതിജീവിതയെ അറസ്റ്റ് ചെയ്ത് നീക്കി.
കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സ്ഥലം മാറ്റിയ ജീവനക്കാർ തിരികെ എത്തിയതിലാണ് പ്രതിഷേധം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലാണ് അതിജീവിത പ്രതിഷേധവുമായി എത്തിയത്. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച അതിജീവിത നീതി വേണമെന്നും പ്രതികളെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടു.
ട്രിബ്യൂണൽ ഉത്തരവുമായാണ് ജീവനക്കാർ മെഡിക്കൽ കോളേജിൽ തിരികെ പ്രവേശിച്ചതെന്നാണ് പ്രിസിപ്പലിന്റെ വിശദീകരണം. പ്രിൻസിപ്പൽ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ച അതിജീവിതയെയും ആക്ഷൻ കമ്മിറ്റി നേതാവ് നൗഷാദ് തെക്കയിലിനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അറ്റൻഡന്റർമാരായ എൻ കെ ആസിയ, ഷൈനി ജോസ്,പി.ഇ ഷൈമ, വി. ഷലൂജ നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മാനോളി എന്നിവരാണ് തിരിച്ചെത്തിയത്. മൂന്ന് പേരെ തതൃശൂർ മെഡിക്കൽ കോളേജിലേക്കും രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്കുമാണ് സ്ഥലം മാറ്റിയിരുന്നത്. 2023 മാർച്ച് 18 ന് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു വിൽ പാതിമയക്കത്തിൽ കിടക്കുമ്പോൾ യുവതിയെ അറ്റൻഡന്ററായ എം എം ശശീന്ദ്രൻ പീഡിപ്പിച്ചതായാണ് പരാതി.