തന്റെ വാക്കുകള്‍ വളച്ചൊടിച്ചു; ഭാവനയെ പരിഹസിച്ചിട്ടില്ല; ഇടവേള ബാബു

കൊച്ചി;ഭാവനയെ പരിഹസിച്ചിട്ടില്ലെന്ന് നടന്‍ ഇടവേള ബാബു. അഭിമുഖത്തില്‍ താന്‍ നടത്തിയ വാക്കുകള്‍ വളച്ചൊടിച്ചതാണ്. അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താന്‍ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ഭാവന അമ്മയിലെ അംഗമല്ലാത്തതും അഭിനയിപ്പിക്കാന്‍ തടസമാണെന്നും ഇടവേള ബാബു പറഞ്ഞു.
എന്നാല്‍ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങള്‍ ഈ പരാമര്‍ശം ചര്‍ച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതല്‍ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും.