കോവിഡ് വാക്‌സിനെടുത്തില്ലെങ്കില്‍ റേഷനും പെട്രോളും കിട്ടില്ല
ഔറംഗബാദ്: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റേഷനും പെട്രോളും കിട്ടണമെങ്കില്‍ കോവിഡ് പ്രതിരോധവാക്സിന്റെ ഒരുഡോസെങ്കിലും എടുക്കണം. ഔറംഗാബാദ് ജില്ലഭരണ കൂടമാണ് വ്യത്യസ്തമായ ഈ ഉത്തരവിറക്കിയിരിക്കുന്നത്. വാക്‌സിനെടുക്കാത്തവര്‍ക്ക് റേഷന്‍ കടകളില്‍നിന്ന് പലചരക്കുസാധനങ്ങള്‍ നല്‍കരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ജില്ലയില്‍ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയില്‍ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഈ നടപടി.
കോവിഡ് വാക്സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്കുമാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നു കാണിച്ച് കലക്ടര്‍ സുനില്‍ ചവാനാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഗ്യാസ് ഏജന്‍സികള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും സമാനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന കടയുടമകള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ അര്‍ഹരായ മുഴുവനാളുകള്‍ക്കും ഈ മാസം അവസാനത്തോടെ ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമം.
എന്നാല്‍, ഔറംഗാബാദില്‍ ഇതുവരെ 71 ശതമാനം പേരേ ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളൂ. രണ്ട് ഡോസുമെടുത്തത് 24 ശതമാനം മാത്രമാണ്. ഇവിടുത്തെ ജനസംഖ്യയിലെ വലിയൊരു വിഭാഗം കര്‍ഷകത്തൊഴിലാളികളാണ്. ജോലിക്കു പോകുന്നതുകൊണ്ട് പകല്‍ സമയം വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്താന്‍ ഇവര്‍ക്കുകഴിയുന്നില്ല എന്നത് മനസിലാക്കി വൈകുന്നേരങ്ങളില്‍ പ്രത്യേക വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
ഒരുഡോസ് വാക്സിന്‍പോലും എടുത്തിട്ടില്ലാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് താനെ നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആളുകളെ വാക്സിന്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പുത്തന്‍ ഓഫറുമായി മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. വാക്സിന്‍ എടുക്കുന്നവര്‍ക്ക് എല്‍ഇഡി ടിവികള്‍, റഫ്രിജറേറ്ററുകള്‍ മുതല്‍ വാഷിംഗ് മെഷീനുകള്‍ വരെ സമ്മാനായി നല്‍കും. ഈ മാസം 12 മുതല്‍ 24 വരെ വാക്സിന്‍ എടുക്കുന്നവര്‍ക്കാണ് ഈ വമ്പന്‍ ഓഫറുകള്‍.
ഈ ദിവസങ്ങളില്‍ വാക്സിന്‍ എടുത്ത് മടങ്ങുന്നവരില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനമായി റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എല്‍ഇഡി ടെലിവിഷന്‍ എന്നിവയാണ് നല്‍കുക. ഇത് കൂടാതെ 10 പേര്‍ക്ക് മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ സമാശ്വാസ സമ്മാനമായി ലഭിക്കുമെന്നും പൗരസമിതി അറിയിച്ചു.