എൽ ഡി എഫ് വിട്ടാൽ കേരള കോൺഗ്രസ് ബിയുടെ ഗതി പെരുവഴിയാവുമോ?.

തിരുവനന്തപുരം / തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ ഗതിമാറ്റങ്ങൾ ഉണ്ടാവും. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ രണ്ടു പാർട്ടികൾ എൽ ഡി എഫിനോട് സലാം പറഞ്ഞു പിരിയും. കേരള കോൺഗ്രസ് ബിയും എൻ സി പിയും ആയിരിക്കും തെരഞ്ഞെ ടുപ്പ് കഴിഞ്ഞാൽ എൽ ഡി എഫിനോട് ഗുഡ് ബൈ പറയുക. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ആയിരുന്നു കേരള കോൺഗ്രസ് ജോസ് പക്ഷം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തുന്നത്.
ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശത്തെ തുടർന്ന് ഇടഞ്ഞ് നിൽക്കുന്ന എൻ.സി.പിക്ക് പിന്നാലെ കേരള കോൺഗ്രസ് ബിയിലും അതൃപ്‌തിയുടെ കൊടുങ്കാറ്റ് ഇരമ്പുകയാണ്. അവഗണന സഹിച്ച് സഹിച്ചു സഹികെട്ട അവസ്ഥയിലാണ് കേരള കോൺഗ്രസ് ബിയുടെ ഇപ്പോഴുള്ള പോക്ക്. അവഗണക്കൊപ്പം ആവശ്യമായ ഘട്ടങ്ങളിൽ യാതൊരു പിന്തുണയും സംരക്ഷണവും കിട്ടാത്ത അവസ്ഥയാണ് അച്ഛനും, മകനും എൽ ഡി എഫിലുള്ളത്. എൽ. ഡി.എഫിൽ തുടരേണ്ട എന്നാണ് അച്ഛൻ ബാലകൃഷ്‌ണപിള്ള, മകൻ ഗണേഷ് കുമാർ അടക്കമുള്ള കേരള കോൺഗ്രസ് ബി നേതൃത്വത്തിന് ഉള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുന്നണി വിടുന്ന കാര്യം പാർട്ടി പ്രഖ്യാപിക്കുമെന്നാണ് വിവരം. പത്ത് ജില്ലാ കമ്മിറ്റികൾ ഇനിയും മുന്നണിയിൽ നിൽക്കേണ്ട എന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. കേരള കോൺ ഗ്രസ് ബി നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നണി വിടാനുളള സാദ്ധ്യതയുണ്ട് എന്ന വിവരം ഇടതുപക്ഷ നേതാക്കൾക്ക് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് ഇവരെ തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തി ൽ കാര്യമായി പരിഗണിച്ചില്ല. പലയിടത്തും പൂർണമായി പാർട്ടിയെ എൽ ഡി എഫ് അവഗണിക്കുകയായിരുന്നു. സി പി എമ്മിന് അർഹ മായ പ്രാധിനിത്യമുള്ള പത്താനാപുരത്ത് സി പി എം നേതൃത്വം പറഞ്ഞത് മാത്രമാണ് പാർട്ടി കേട്ടത്. അടുത്ത നിയമ സഭ തെരെഞ്ഞെ ടുപ്പിൽ പത്തനാപുരം മറ്റാർക്കും വിട്ടു കൊടുക്കില്ലെന്ന് ഗണേഷ് കുമാറിനെ ഉദ്ദേശിച്ചു കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിൽ തന്നെ സി പി എം പ്രഖ്യാപിച്ചിരുന്നതുമാണ്.
നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുലർച്ചെ ഗണേഷിന്റെ വീട് വളഞ്ഞ പൊലീസ് പട്ടാപ്പകൽ വീട്ടിൽ റെയ്‌ഡ് നടത്തുകയും ചെയ്യുകയായിരുന്നു.ഇക്കാര്യത്തിലെ പോലീസ് നടപടിയിൽ ഗണേഷ് കുമാർ എം എൽ എ എൽ ഡി എഫ് നേതൃത്വ ത്തെ തന്റെ അമർഷം അറിയിച്ചിരുന്നെങ്കിലും, ദിവസങ്ങൾക്ക് ശേഷം അതെ കേസിൽ പോലീസ് എത്തി വീട് റെയ്ഡ് ചെയ്യുകയും ഉണ്ടായി. ഒരു എം എൽ എ എന്ന നിലയിൽ തന്നെ പത്തനാപുരത്ത് ജനങ്ങൾ ക്കിടയിൽ തരം താഴ്ത്തി കാണിക്കുന്ന നടപടി ആയി ഇതെന്നാണ് ഗണേഷ്‌കുമാറിന്റെ വാദം എങ്കിലും, ഇതൊന്നും സി പി എം മുഖവിലക്കെടുത്തിട്ടില്ലെന്നു മാത്രമല്ല, ആ വശത്തേക്ക് തല തിരിച്ചു ശ്രദ്ധിക്കുകപോലും ഉണ്ടായില്ല.
മതിയായ സീറ്റുകൾ നൽകിയില്ലെന്ന് മാത്രമല്ല, റെയ്ഡ് നടത്തി അപമാ നിക്കുകയും ചെയ്തു എന്നാണ് കേരള കോൺഗ്രസ് ബിയിൽ സംഭവ ത്തിൽ ഉള്ള ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് പത്ത് ജില്ലാ കമ്മിറ്റികൾ മുന്നണി വിടണം എന്ന് ബാലകൃഷ്‌ണപ്പിളളയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്നാക്ക വികസന കമ്മിഷൻ ചെയർമാൻ പദവി ബാലകൃഷ്ണ പിള്ള രാജി വെക്കണമെന്നും ജില്ലാ കമ്മറ്റികൾ ആവശ്യപ്പെടുന്നുണ്ട്. കെ ആർ ഗൗരിയമ്മയുടെ ജെ.എസ്.എസിന് ലഭിക്കുന്ന പരിഗണന പോലും കേരള കോൺഗ്രസ് ബിക്ക് ഇന്ന് എൽ ഡി എഫിൽ ഇല്ല. യു.ഡി.എഫ് വിട്ടുവന്ന കക്ഷി എന്ന പരിഗണന ആവട്ടെ ഒട്ടും എൽ ഡി എഫ് നൽകുന്നില്ല. ആകെ ലഭിച്ചത് മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം മാത്രമാണ്. തങ്ങൾക്ക് ലഭിച്ച സീറ്റുകളിൽ വിമതരെ ഇറക്കി പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആക്ഷേപവും കേരള കോൺഗ്രസ് ബിക്ക് പറയാനുണ്ട്.
അതേസമയം, തന്റെ മേൽ തിരിയാൻ ഇടയുള്ള നടിയെ ആക്രമിച്ച കേസിലെ പ്രതിയെ ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ, എൽ ഡി എഫ് വിടുമെന്ന ഭീക്ഷണിയിലൂടെ സംരക്ഷണം ഒരുക്കാനുള്ള രാഷ്ട്രീയ തന്ത്രമാണ് ഗണേഷ് കുമാർ പയറ്റുന്നതെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ട്. സത്യത്തിൽ എൽ ഡി എഫ് വിട്ടാൽ കേരള കോൺഗ്ര സിന്റെ സ്ഥിതി പരമ ദയനീയം ആവും. യു ഡി എഫ് വിട്ടാണ് എൽ ഡി എഫിലേക്ക് ചേക്കേറിയത്. എൽഡി എഫ് വിട്ടാൽ യു ഡി എഫ് പ്രവേശം എന്നത് കണ്ടുതന്നെ അറിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
എൽ.ഡി.എഫിൽ നിന്ന് വിട്ടാൽ യു.ഡി.എഫ് എന്നതാണ് കേരളത്തിലെ പല പാർട്ടികളുടെയും രീതി. കേരള കോൺഗ്രസ് പാർട്ടികളിൽ പലരും ഇത് പലതവണ ആവർത്തിച്ചുകൊണ്ടും ഇരിക്കുകയാണ്.
ഉമ്മൻചാണ്ടി ഉൾപ്പടെയുളള നേതാക്കൾക്കെതിരായ സോളാർ ആരോപണങ്ങൾക്ക് പിന്നിൽ ഗണേഷ് കുമാർ ആണ് എന്ന വെളിപ്പെടുത്തൽ ഈയിടെ ആണ് പുറത്ത് വന്നത്. ഇക്കാര്യത്തിൽ കേരള കോൺഗ്രസ് ബിയോടുളള കോൺഗ്രസ് നേതൃത്വത്തിനുള്ള അമർഷവും വിരോധവും ചില്ലറയല്ല. ഈ സാഹചര്യത്തിൽ തിരികെ എത്തിയാൽ യു ഡി എഫിനുള്ളിൽ കയറി പറ്റുക എന്നത് കേരള കോൺഗ്രസ് ബി യെ സംബന്ധിച്ചിടത്തോള. ബാലികേറാ മലതന്നെ യാണ്. മാത്രമല്ല, ആർ.എസ്.പി ഉൾപ്പടെയുളള യു.ഡി.എഫിലെ മറ്റു കക്ഷികളും കേരള കോൺഗ്രസ് ബി യുടെ വരവിനെ അംഗീകരിക്കില്ല.