കേന്ദ്രസഹായം നിലച്ചാല്‍ കേരളത്തിലെ മന്ത്രിമാര്‍ക്കും ശമ്പളം നിലയ്ക്കും
കൊച്ചി: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമായിരിക്കുകയാണ്. കേന്ദ്രത്തെ കുറ്റം പറയാന്‍ മാത്രം വാ തുറക്കുന്ന മന്ത്രിമാരും പാര്‍ട്ടികളും ഇപ്പോഴത്തെ ഖജനാവിന്റെ അവസ്ഥയില്‍ ആശങ്കപ്പെടുന്നതുപോലുമില്ല. കേന്ദ്രനയങ്ങളെ കണ്ണടച്ചെതിര്‍ക്കുമ്പോള്‍ മറന്നുപോകുന്ന ഒരു കാര്യം ലോട്ടറിയും മദ്യവുമില്ലെങ്കില്‍ കേരളം മുഴുപട്ടിണിയാണെന്നതാണ്. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി പതുക്കെ മറികടക്കാന്‍ രാജ്യം ശ്രമിക്കുമ്പോള്‍ കേരളത്തിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലാവുകയാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചത് കൊറോണ വൈറസിന്റെ വ്യാപനമാണെന്ന് ലോകധനകാര്യ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കേരളത്തിനെയാണ്. ഇതിനിടയിലാണ് ഇടിത്തീയായി ഇന്ധനവില നാള്‍ക്കുനാള്‍ കുതിച്ചുകയറിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുകയും എല്ലാ മേഖലയിലും സാമ്പത്തിക അരക്ഷിതാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അധിക നികുതി ചുമത്തി ഇന്ധന വില വര്‍ധിപ്പിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ല.
ഇപ്പോഴത്തെ മുന്‍ഗണന സാധാരണക്കാരന്റെ വരുമാനം ഉറപ്പു വരുത്തി, അവരുടെ സാമ്പത്തിക നില തകരാതെ നിലനിര്‍ത്തുന്നതിനാകണം. വികസിത രാജ്യങ്ങളെല്ലാം അതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ധന വില വര്‍ധന ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമാണു കേരളം. കേരളത്തിലെ 88 ലക്ഷം റേഷന്‍ കാര്‍ഡുകളില്‍ 37 ലക്ഷവും ബിപിഎല്‍ വിഭാഗത്തില്‍പെടുന്നതാണ്. ഇന്ധന വില വര്‍ധന മൂലം യാത്രാക്കൂലിയിലും ചരക്കു കൂലിയിലും വന്‍ വര്‍ധന ഉണ്ടാകുന്നു. തന്മൂലം സംസ്ഥാനത്ത് എല്ലാ സാധനങ്ങളിലും വന്‍ വിലവര്‍ധനവുണ്ടാകുന്നു. തുടര്‍ച്ചയായി മോശമായ ധന നയങ്ങള്‍, കെടുകാര്യസ്ഥത, ധന ധൂര്‍ത്ത് എന്നിവ മൂലം സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി വളരെ മോശമായി.
ഇതോടൊപ്പം കോവിഡ് കാലത്തെ സാമ്പത്തിക തകര്‍ച്ചയും ശമ്പള പരിഷ്‌കരണവും ധനസ്ഥിതി കരകയാറാനാകാത്ത സ്ഥിതിയിലെത്തിച്ചു. ധന സ്ഥിതിയെ സംബന്ധിച്ച കണക്കുകള്‍ ആശങ്കാജനകമാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കഴിഞ്ഞ അഞ്ചു മാസത്തെ ധനസ്ഥിതിയെക്കുറിച്ചുള്ള കണക്കുകള്‍ സിഎജി തയാറാക്കിയിട്ടുണ്ട്. അതു പ്രകാരം 2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 28,303 കോടിയാണ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2020-21) റവന്യൂ കമ്മി 23,256 കോടിയായിരുന്നു.
അതായത് 12 മാസത്തേക്കാളും കൂടുതല്‍ റവന്യൂ കമ്മി അഞ്ചു മാസംകൊണ്ടുണ്ടായി. ഇതു തീര്‍ച്ചയായും ഒരു ധനകാര്യ തകര്‍ച്ചയെയാണു സൂചിപ്പിക്കുന്നത്. 202-021 വര്‍ഷത്തിലെ ധനകമ്മി (വാര്‍ഷിക കടം) 38,189 കോടിയായിരുന്നു. കഴിഞ്ഞ ആറു മാസത്തെ മാത്രം ധനകമ്മി 34,657 കോടിയാണ്. ഇങ്ങനെ കടം വര്‍ധിപ്പിച്ചത് സാധാരണക്കാരനുവേണ്ടിയുളള ക്ഷേമ പ്രവര്‍ത്തനങ്ങളോ വികസന പദ്ധതികളോ നടപ്പിലാക്കിയിട്ടല്ല. സര്‍ക്കാരിന്റെ വരുമാനത്തില്‍ നല്ലൊരു പങ്കും ചിലവഴിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനാണ്.
പുതിയ ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ശുപാര്‍ശന നടപ്പിലാക്കുമ്പോള്‍ മാത്രം അധിക ബാധ്യത ആറായിരം കോടി വരും. കോവിഡ് കാലത്ത് സുരക്ഷിതമായ ഒരേയൊരു തൊഴില്‍ മേഖല സര്‍ക്കാര്‍ മേഖലയും പൊതുമേഖലാ സ്ഥാപനങ്ങളുമാണ്. അവിടെയാണു ശമ്പള പരിഷ്‌കരണത്തിലൂടെ അധിക ബാധ്യതയുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണെന്നാണ് എല്ലാ പഠനങ്ങളും വിലയിരുത്തുന്നത്. അതിനെ ഗൗരവമായി കാണാന്‍ രാഷ്ട്രീയ നേതൃത്വമോ ഉദ്യോഗസ്ഥ സമൂഹമോ തയാറാകുന്നില്ലെന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കോവിഡിനു മുന്‍പുതന്നെ ധനസ്ഥിതി വളരെ മോശമായി ശമ്പളവും പെന്‍ഷനും ഒഴികെ ട്രഷറിയില്‍ പാസാക്കുന്ന മറ്റു ബില്ലുകളുടെ പരിധി ഒരു ലക്ഷം രൂപയാക്കിയിരുന്നു.
ഭൂരിഭാഗം സംസ്ഥാനങ്ങള്‍ക്കും റവന്യൂ മെച്ച വരുമാനമാണ്. അവര്‍ കടമെടുക്കുന്ന തുക വികസനത്തിനും മൂലധന നിക്ഷേപങ്ങള്‍ക്കും ചിലവാക്കുമ്പോള്‍ ഇവിടെ കടമെടുക്കുന്ന തുകയുടെ സിംഹഭാഗവും വിനിയോഗിക്കുന്നത് വന്യൂ കമ്മി നികത്താനും നിത്യചിലവുകള്‍ക്കുമാണു. സംസ്ഥാന ട്രഷറി പൂട്ടാതെ നിലനിന്നത് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്‍ഡുകള്‍ മൂലമാണ്. 2019-20ല്‍ കേന്ദ്ര ഗ്രാന്‍ഡുകളായി ലഭിച്ചത് 11,235 കോടിയാണ്. കോവിഡിന്റെ ആദ്യഘട്ടമായ 2020-21ല്‍ ഇത് 31,049 കോടി രൂപയായി വര്‍ധിച്ചു. 176 ശതമാനം വര്‍ധന. അതിനു കാരണം കേരളം വളരെ പാപ്പരായ സംസ്ഥാനമാണെന്ന് 15ാം ധനകാര്യ കമ്മിഷന്‍ കണ്ടെത്തുകയും വലിയ തോതിലുള്ള റവന്യൂ ഗ്രാന്റ് അനുവദിക്കുകയും ചെയ്തു എന്നതാണ്. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമുള്ള ഗ്രാന്റും ജിഎസ്ടി നഷ്ടപരിഹാരത്തുകയും ഉള്‍പ്പെടെ വലിയ ഒരു തുക കിട്ടിയതിനാലാണ് ഈ ഘട്ടത്തില്‍ ഒരുവിധം ട്രഷറി പൂട്ടാതെ നോക്കിയത്.
കേരളത്തിന് റവന്യൂ .ഡെഫിസിറ്റ് ഗ്രാന്റായി കമ്മിഷന്‍ അനുവദിച്ചിരിക്കുന്നത് 37,814 കോടി രൂപയാണ്. ഇത്ര വലിയ സഹായങ്ങള്‍ കേന്ദ്രത്തില്‍നിന്നു ലഭിച്ചതിനാലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകരാതെ പിടിച്ചു നില്‍ക്കുന്നത്. ഏകദേശം 2022ല്‍ കേന്ദ്രസഹായം കേരളത്തിന് വെട്ടിക്കുറയ്‌ക്കേണ്ടി വരും. ഇത് കേരളത്തിന്റെ ഖജനാവിനെ കാലിയാക്കും. ശമ്പളം നല്‍കാനും പെന്‍ഷന്‍ നല്‍കാനും മറ്റ് നിത്യച്ചിലവുകള്‍ക്കുമുള്ള ഫണ്ട് കണ്ടെത്താന്‍ മദ്യവും ലോട്ടറിയുമല്ലാതെ വേറെ വഴി കേരളം കണ്ടെത്തിയില്ലെങ്കില്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ശമ്പളം നല്‍കാന്‍ പോലും കേരളത്തില്‍ പൈസയുണ്ടാവില്ലെന്ന അവസ്ഥയിലെത്തും.