”തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാം”; വി. മുരളീധരൻ
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉണ്ടാകുന്ന പരാതികൾ നിയമപരമായി കോടതിയിൽ ഉന്നയിക്കാമെന്നും മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നതുകൊണ്ട് എം.പി. സ്ഥാനം നഷ്ടപ്പെടില്ലെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി. മുരളീധരൻ വ്യക്തമാക്കി. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന ഘട്ടത്തിലും വോട്ടിംഗ് ദിനത്തിലും പരാതികൾ ഉന്നയിക്കാനുള്ള മതിയായ അവസരങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂർ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഡിസിസി പ്രസിഡന്റിനെ മാറ്റിയതും പൂരം കലക്കൽ വിവാദം ഉയർത്തിയതും പരാജയം മറയ്ക്കാനുള്ള ശ്രമമാണെന്ന് മുരളീധരൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനേയും ഭരണഘടനാ സ്ഥാപനങ്ങളെയും ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ നിലപാട് “നികൃഷ്ടം” ആണെന്നും അദ്ദേഹം വിമർശിച്ചു.
വി. ശിവൻകുട്ടിയുടെ “സുരേഷ് ഗോപിയെ കാണാനില്ല” എന്ന പരാമർശത്തോടും മുരളീധരൻ പ്രതികരിച്ചു. ശിവൻകുട്ടി തമാശ പറയുന്നയാളാണെന്നും, ആരെയെങ്കിലും കാണാനില്ലെങ്കിൽ അതിനെക്കുറിച്ച് പൊലീസ് പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സമ്മേളനം നടക്കുന്ന വേളയിൽ സുരേഷ് ഗോപി അവിടെ പങ്കെടുക്കുകയാണ് എന്നും, പാർലമെന്റിനു പകരം കെ.എസ്.യു. പ്രവർത്തകന്റെ വീട്ടിൽ പോകണമെന്നാരും ആവശ്യപ്പെടാൻ കഴിയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Tag: If you have a complaint after the election, you can go to court”; V. Muraleedharan