യുപിഐ ഇടപാടുകള്‍ക്ക് ഫീസ് വരുന്നു
മുംബൈ: മൊബൈല്‍ ഫോണ്‍ റീചാര്‍ജുകള്‍ക്കുള്‍പ്പടെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫോണ്‍ പേ ഫീസ് ഈടാക്കാന്‍ ഒരുങ്ങുന്നു. രാജ്യത്ത് യുപിഐ പണമിടപാടുകള്‍ക്ക് നിലവില്‍ ഒരു ആപ്ലിക്കേഷനുകളും ഫീസ് ഈടാക്കുന്നില്ല. ഫോണ്‍ പേയാണ് ആദ്യമായി ഇങ്ങനെയൊരു തീരുമാനവുമായി രംഗത്തെത്തുന്നത്. ഫോണ്‍ പേ വഴി 50 രൂപ മുതല്‍ 100 രൂപ വരെയുള്ള മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുകള്‍ക്ക് ഒരു രൂപ ഫീസായിരിക്കും ഈടാക്കുക. 100 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്കാണെങ്കില്‍ രണ്ടു രൂപയാണ് ഫീസ് നിശ്ചയിച്ചിട്ടുള്ളത്.
50 രൂപയ്ക്ക് താഴെയുള്ള റീച്ചാര്‍ജുകള്‍ക്ക് ഫീസില്ല. ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് മൊബൈല്‍ ഫോണ്‍ റീചാര്‍ജുകള്‍ക്ക് തങ്ങള്‍ ചെറിയ തോതിലുള്ള ഫീസ് ഈടാക്കുന്നതെന്ന് കമ്പനി പറഞ്ഞു. മറ്റ് ആപ്ലിക്കേഷനുകള്‍ പോലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് ഫോണ്‍ പേയും ഇനി മുതല്‍ പ്രൊസസിംഗ് ചാര്‍ജ് ഈടാക്കി തുടങ്ങും. ഇന്ത്യയിലെ ജനപ്രിയ പേയ്‌മെന്റ് ആപ്പാണ് വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫോണ്‍ പേ. രാജ്യത്ത് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 165 കോടിയോളം യുപിഐ പണമിടപാടുകളാണ് ഫോണ്‍ പേ വഴി നടന്നത്.
നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അടുത്തിടെ യുപിഐയുടെ വിപണി പങ്കാളിത്തത്തിന് പരിധി നിശ്ചയിച്ചു. ഇതു പ്രകാരം വിപണിയില്‍ 30 ശതമാനത്തില്‍ കൂടുതല്‍ പങ്കാളിത്തം ഒരു കമ്പനിക്കും ലഭിക്കില്ല. ഇപ്പോള്‍ മിക്ക വെബ്സൈറ്റുകളും ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള പണമിടപാടിന് പ്രൊസസിംഗ് ചാര്‍ജെന്ന പേരിലോ കണ്‍വീനിയന്‍സ് ഫീ എന്ന പേരിലോ ചെറിയ തുക ഈടാക്കാറുണ്ട് ഫോണ്‍ പേ അധികൃതര്‍ പറഞ്ഞു.