Latest NewsNationalNews

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: എന്‍ഡിഎയില്‍ ഭിന്നത, അന്വേഷണം വേണമെന്ന് നിതീഷ് കുമാര്‍

ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്രത്തിലെ ഭരണസഖ്യമായ എന്‍ഡിഎയിലെ ഭിന്നത പ്രകടമാക്കി, പ്രധാനഘടകകക്ഷിയായ ജെഡിയു രംഗത്ത്. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിപ്പിച്ച്‌ പ്രതിപക്ഷം ഈ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിതീഷ് നിലപാട് വ്യക്ത മാക്കിയത്.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം നടക്കേണ്ടത് അനിവാര്യമാണെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. കുറേ ദിവസമായി ഇതു കേള്‍ക്കുന്നു. ഇതു പാര്‍ലമെന്റിലും ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ദിവസങ്ങളായി ഈ ആവശ്യം ഉന്നയിക്കുകയാണെന്ന് നിതീഷ് പറഞ്ഞു.

പെഗാസസ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമേ അല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരിക്കെയാണ്, പ്രധാന സഖ്യകക്ഷി നേതാവ് തന്നെ അതു തള്ളി രംഗത്തുവന്നിരിക്കുന്നത്. പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇരു സഭകളിലും പ്രസ്താവന നടത്തിക്കഴിഞ്ഞതാണെന്നാണ്, നേരത്തെ ഇതു സംബന്ധിച്ച്‌ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്.

പ്രതിപക്ഷത്തിന്റെ പെരുമാറ്റം നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒരു ഗൗരവവുമില്ലാത്ത കാര്യങ്ങളുടെ പേരിലാണ് അവര്‍ ബഹളം വയ്ക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങള്‍ രാജ്യത്തുണ്ട്.

അതെല്ലാം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറുമാണ്. പാര്‍ലമെന്റ് നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന നിലപാട് നിര്‍ഭാഗ്യകരമാണ് മന്ത്രി പറഞ്ഞു. ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കാന്‍ സര്‍ക്കാരിനു താത്പര്യമില്ലെന്ന് മന്ത്രി പറഞ്ഞു.

പെഗാസസ് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നും ഇരു സഭകളും തടസപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button