സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐ എം എ

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനൽകുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് പറഞ്ഞു. നിലവിലെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം കർശനമായി നിയന്ത്രിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും, രോഗവ്യാപനം വളരെ കൂടുതലാണ്. ഇത് ഗൗരവമായി കാണാതിരുന്നുകൂടാ. ലോക്ഡൗൺ വേണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ സാമൂഹിക നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നു എന്നുറപ്പാക്കേണ്ടതാണ്.
ചെറിയ മുറികളിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കണം. ആളുകൾ കൂട്ടം കൂടിയുള്ള സമരമുറകൾ അടിയന്തരമായി അവസാനിപ്പിക്കണം. ടെസ്റ്റുകൾ വർധിപ്പിക്കണം. റിവേഴ്‌സ് ക്വാറന്റൈൻ കർശനമായി നടപ്പാക്കി, പ്രായമായവരും കുട്ടികളും സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. ഐഎംഎ ദേശീയ തലത്തിൽ നടത്തിയ പഠനത്തിൽ കേരളം വളരെ ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് കണ്ടെത്തിയതായും ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ് പറഞ്ഞു.