CrimeDeathEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

വാളയാറിലെ കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാക്കും: മുഖ്യമന്ത്രി.

വാളയാറില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് ഒപ്പമാണ് സർക്കാർ എന്നും കുട്ടികളുടെ കുടുംബത്തിന് നീതി ലഭ്യമാകണമെന്ന ഉറച്ച തീരുമാനമാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഇല്ല. ഒരു വര്‍ഷം മുന്‍പ് കുടുംബത്തിന് കൊടുത്ത വാക്കാണ് അത്. അത് പാലിക്കാന്‍ തന്നെയാണ് ഇക്കാലയളവില്‍ ശ്രമിച്ചിട്ടുള്ളത്. കേസില്‍ പ്രതികളായവരെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാര്‍ പോരാട്ടം ഇതിൻ്റെ തെളിവാണ് മുഖ്യമന്ത്രി പറഞ്ഞു.

തങ്ങൾക്ക് നീതി ലഭിക്കുമെന്ന 365 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരകളുടെ അമ്മ വീട്ടിനു മുന്നിൽ സത്യാഗ്രഹം ഇരിക്കുന്നത്. കേസ്സ് അന്വേഷിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി കൊടുക്കുംപോലെ ഉന്നത കസേരകളിൽ പ്രതിഷ്ഠിക്കുകയായിരുന്നു സർക്കാർ. ഇതേ പറ്റി ഒരക്ഷരം പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല.

പ്രതികളെ സെക്ഷന്‍സ് കോടതി വിട്ടയച്ചതിനെതിരെ 2019 ല്‍ തന്നെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതോടൊപ്പം, മരണപ്പെട്ട കുട്ടികളുടെ അമ്മ ഫയല്‍ ചെയ്ത അപ്പീലുകളും ഹൈക്കോടതിയില്‍ നിലവിലുണ്ട്. സര്‍ക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയായിരുന്നു ഹൈക്കോടതി അപൂര്‍വമായ ഇടപെടല്‍ കേസിൽ നടത്തിയത്.
അപ്പീലുകള്‍ ഹൈക്കോടതി പരിഗണിക്കുന്നതിന് സ്വാഭാവിക കാലതാമസം ഉണ്ടാകുന്നുണ്ട്. ഈ കാലതാമസം ഒഴിവാക്കാന്‍ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു അര്‍ജന്റ് മെമ്മോ ഫയല്‍ ചെയ്തു. നവംബര്‍ ഒന്‍പതിന് കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതി നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനാകും.

വിചാരണ നടത്തി പ്രതികളെ നിരൂപാധികം വിട്ടയച്ച കേസില്‍ മറ്റൊരു ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തിക്കാന്‍ നിയമപരമായി സാധിക്കില്ല. എന്നാല്‍, വിചാരണ കോടതിയില്‍ സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് വിചാരണ കോടതിയുടെ വിധി റദ്ദാക്കി പുനര്‍ വിചാരണ സാധ്യമാകുന്ന പക്ഷം തുടര്‍ അന്വേഷണം ആവശ്യപ്പെടാനാകും. ഇതിനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് മുഖ്യമന്ത്രി വ്യക്തമാക്കി.

ഈ കേസില്‍ വിചാരണ വേളയില്‍ ഉണ്ടായ വീഴ്ച പരിശോധിക്കുന്നതിനായി റിട്ട. ജില്ലാ ജഡ്ജി പി.കെ. ഹനീഫയെ കമ്മീഷണറായി സര്‍ക്കാര്‍ നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അത് നടപടിക്കുറിപ്പുകളോടെ നിയമസഭയുടെ മേശപ്പുറത്ത് വച്ചിട്ടുണ്ട്. വിചാരണക്കോടതിയിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നവരെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ കുറച്ചുകൂടി കര്‍ശന നടപടി സ്വീകരിക്കും. കുട്ടികളുടെ മാതാവ് സര്‍ക്കാരില്‍ വിശ്വാസമാണെന്ന് ഇന്നും പറയുന്നത് കേള്‍ക്കുകയുണ്ടായി. ആ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് വേണ്ടി ഇനിയും ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button