”പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധന നടത്തും, വിശദമായി പരിശോധിക്കാൻ ഏഴംഗ ഉപസമിതി രൂപീകരിച്ചു” മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിഷയത്തെ വിശദമായി പരിശോധിക്കാൻ ഏഴ് അംഗങ്ങളടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും താൽക്കാലികമായി നിർത്തിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരിനോട് ഔദ്യോഗികമായി കത്തയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഉപസമിതിയുടെ അധ്യക്ഷൻ. മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ എന്നിവർ അംഗങ്ങളാണ്. സിപിഐയും സിപിഐഎമ്മും ചേർന്ന് രണ്ട് മന്ത്രിമാരെ വീതം ഉപസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എസ്ഐആർ പദ്ധതി നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ജനാധിപത്യ പ്രക്രിയയ്ക്കുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പദ്ധതിയെക്കുറിച്ച് വിവിധതരത്തിലുള്ള ആശങ്കകൾ ഉയർന്നിരിക്കുന്നതിനാൽ നവംബർ 5-ന് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. എസ്ഐആർ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് നിയമസഭ ഐക്യകണ്ഠേന ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിനെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മന്ത്രിസഭാ യോഗത്തിൽ ക്ഷേമപെൻഷനിൽ വർധനവിനും അംഗീകാരം നൽകി. നിലവിലെ ₹1600ൽ നിന്ന് ₹400 വർധിപ്പിച്ച് ₹2000 ആക്കാനാണ് തീരുമാനം. ഇതിന് പുറമെ, മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ത്രീകൾക്കായി പ്രതിമാസം ₹1000 വീതമുള്ള ‘സ്ത്രീസുരക്ഷ പെൻഷൻ’ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏകദേശം 33.34 ലക്ഷം സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ആശാ വർക്കർമാരുടെ പ്രതിമാസ ഹോണറേറിയത്തിൽ ₹1000 വർധനവുൾപ്പെടെ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിഫലത്തിലും സമാനമായ വർധനവുണ്ടാകും. കുടിശ്ശികയായിരിക്കുന്ന തുകകൾ ഉടൻ തീർപ്പാക്കുമെന്നും കെട്ടിടനിർമ്മാണ ക്ഷേമനിധിയുടെ കുടിശ്ശികയും പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന കൂലിയിൽ ₹50 വർധനയും സാക്ഷരതാ ഡയറക്ടർമാരുടെ ഹോണറേറിയത്തിൽ ₹1000 വർധനയും പ്രഖ്യാപിച്ചു. പുതിയ പ്രഖ്യാപനങ്ങൾ നവംബർ 1-നുള്ള കേരളപ്പിറവി ദിനത്തിൽ പ്രാബല്യത്തിൽ വരും. നെല്ലിന്റെ സംഭരണവില ₹30 വർധിപ്പിക്കുകയും റബ്ബറിന്റെ വില ₹180ൽ നിന്ന് ₹200 ആക്കുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
Tag: implementation of the PM Shri scheme will be reviewed said the Chief Minister



