ടിഎല്‍പി പ്രതിഷേധത്തിന് മുന്നില്‍ മുട്ടുകുത്തി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ് : തീവ്ര ഇസ്ലാമിക സംഘടനയായ തെഹരീക് ഇ ലബ്ബൈക്കിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുകുത്തി പാക് സര്‍ക്കാര്‍. ഇസ്ലാമിക സംഘടന നേതാവ് സാദ് ഹുസൈന്‍ റിസ്വിയെ കൊടുംഭീകരരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. ടിഎല്‍പിയിലെ മതമൗലികവാദികളുടെ പ്രതിഷേധം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് സാദ് റിസ്വിയെ ഭീകരരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.
സാദ് റിസ്വിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒക്ടോബറിലാണ് ടിഎല്‍പി പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്. പോസ്റ്ററുകളും ബാനറുകളും ഒട്ടിച്ച് റോഡ് ഉപരോധിച്ചുകൊണ്ട് ആരംഭിച്ച പ്രതിഷേധം വെടിവയ്പിലേക്കും കൊലപാതകത്തിലേക്കും കടക്കുകയായിരുന്നു. സാദ് റിസ്വിയെ ജയില്‍ മോചിതനാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രം വരച്ച സംഭവത്തില്‍ പാക്കിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ നാട് കടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
പാക് ഭരണകൂടത്തിനെതിരെ ടിഎല്‍പി നടത്തിയ പ്രതിഷേധത്തില്‍ ഏഴോളം പോലീസ് ഉദ്യോഗസ്ഥരും നിരവധി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. ആയിരത്തോളം ആളുകള്‍ക്കാണ് പരിക്കേറ്റത്. ഇതിന് പിന്നാലെയാണ് സാദ് റിസ്വിയെ തടവില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. റിസ്വിയോടൊപ്പം 2000 ടിഎല്‍പി പ്രവര്‍ത്തകരേയും മോചിപ്പിക്കാമെന്ന് ഇമ്രാന്‍ ഖാന്‍ ഉറപ്പ് നല്‍കി.