കൂടത്തായ് കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ശ്രമിച്ചു, എസ്.പി സൈമണ്‍ പരാതി തിരുത്തിയെഴുതി.

ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായ് കൊലപാതക പരമ്പര കേസില്‍ അന്വേഷണം ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട ടോം അന്നമ്മ ദമ്പതികളുടെ മക്കള്‍ നല്‍കിയ പരാതി എസ് പി കെ.ജി സൈമണ്‍ തിരുത്തിയെഴുതിയതിന്റെ തെളിവുകള്‍ പുറത്ത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മഞ്ചാടി മാത്യു, പ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് പൊന്നാമറ്റം ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ഒന്നര വയസുകാരി ആല്‍ഫൈന്‍ എന്നിവരുടെ മരണത്തിലെ ദുരുഹത വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ടോം അന്നമ്മ ദമ്പതികളുടെ മക്കളായ രഞ്ജി, റോ ജോ എന്നിവര്‍ നൽകിയ പരാതിയിലാണ് മറിമായം നടന്നിരിക്കുന്നത്.
അഞ്ച് പേജില്‍ എഴുതി തയാറാക്കിയ പരാതിയിലെ രണ്ട്, നാല് പേജുകള്‍ മാറ്റി പകരം മറ്റൊരു കൈയക്ഷരത്തിലുള്ള പേജുകള്‍ തിരുകി ചേര്‍ക്കുകയായിരുന്നു. മുന്‍ കോഴിക്കോട് റൂറല്‍ എസ്പി യു. അബ്ദുല്‍ കരീമിന് നല്‍കിയ പരാതിയാണ് പിന്നീട് കേസ് അന്വേഷണത്തിനായി ചുമതലയേറ്റ കെ.ജി സൈമണ്‍ തിരുത്തിയത്.

ആറ് കൊലപാതകങ്ങളിലും സംശയം ഉണ്ടെന്ന ഭാഗമാണ് പരാതിയിൽ നിന്ന് ഭാഗമാണ് ഒഴിവാക്കപ്പെട്ടത്. പകരം, റോയ് തോമസിന്റെ മാത്രം മരണത്തില്‍ സംശയമുള്ളതായി പരാതിയിൽ എഴുതി ചേര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരാതിക്കൊപ്പം നല്‍കിയിരുന്നു.
പ്രതിയെ പിന്നീട് രക്ഷിച്ചെടുക്കാനുള്ള പഴുത് പരാതിയിൽ തന്നെ മുന്‍കൂട്ടി ഒരുക്കുകയായിരുന്നു എന്നാണ് സംശയിക്കേണ്ടത്. ആറ് കേസുകളുടേയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു ശേഷം ബന്ധുക്കള്‍ വിവരാവകാശ നിയമപ്രകാരം കേസ് സംബന്ധിച്ച മുഴുവന്‍ പോലീസ് രേഖകളും ആവശ്യപ്പെട്ടു വാങ്ങുമ്പോഴാണ് പരാതിയിലെ അട്ടിമറി പുറത്താവുന്നത്. തിരുത്തിയ പരാതിപ്രകാരം റോയ് വധ കേസില്‍ മാത്രം ആദ്യം എഫ് ഐആര്‍ തയാറാക്കിയത് കേസിന്റെ വിചാരണ വേളയില്‍ പ്രതിക്ക് സഹായകമാകുന്ന നിയമോപദേശം പരാതിക്കാരെ അമ്പരിപ്പിച്ചിരിക്കയാണ്. ഏതാനും ദിവസം മുമ്പ് ജോളി മകന്‍ റെമോയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇപ്പോഴത്തെ കുറ്റപത്രത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും താന്‍ നിഷ്പ്രയാസം പുറത്തുവരുമെന്നും ജോളി മകനോട് സന്തോഷപൂര്‍വം പറയുകയും ചെയ്തിരുന്നു. വാഹനങ്ങള്‍ കേടാകാതെ സൂക്ഷിക്കണമെന്നും ജോളി മകനോട് പറയുകയുണ്ടായി. ഫോൺ സംഭാഷണം റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്.
ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് അതിരഹസ്യമായി മൂന്നു മാസക്കാലം അന്വേഷിച്ച് കണ്ടെത്തിയതിനപ്പുറം ഒന്നും എസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിരുന്നില്ല. ഇതാണ് കേസിലെ അട്ടിമറി സംശയിക്കാൻ ബന്ധുക്കള്‍ക്ക് കാരണമായത്. വിചാരണ വേളയില്‍ കേസ് അട്ടിമറിക്കാന്‍ ചിലര്‍ ഗൂഢനീക്കം നടത്തുന്നതായി ആരോപിച്ച് നിലവില്‍ പത്തനംതിട്ട എസ്പിയായ കെ.ജി സൈമണ്‍ ഡി ജി പി യ്ക്ക് നല്‍കിയ പരാതി സ്വയരക്ഷക്കുള്ള തന്ത്രമായാണ് ബന്ധുക്കള്‍ ഇപ്പോൾ വിലയിരുത്തുന്നത്. പരാതിയിലെ കാര്യങ്ങള്‍ക്ക് കൃത്യമായ തെളിവ് ഹാജരാക്കാന്‍ എസ്പി തയാറാകാത്തത് പുകമറ സൃഷ്ടിക്കാനാണെന്നും, സംശയിക്കുന്നു. ബന്ധുക്കള്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നുവെന്ന വാര്‍ത്ത രണ്ടാഴ്ച്ച മുന്‍പ് പുറത്തുവന്നതോടെ പരിഭ്രാന്തിയിലായ സൈമണ്‍ നിരവധി പേരെ ബന്ധപ്പെട്ടിരുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറെ പിന്‍വലിക്കുമെന്നുവരെ എസ്പി ബസുക്കളെ ഭീഷണിപ്പെടുത്തിയതായി വരെ ആരോപണം ഉയർന്നിരിക്കുകയാണ്.
2005 മുതല്‍ 2017വരെ ജോളിക്കുണ്ടായ എന്‍ഐടി ബന്ധം, കൂടത്തായിയിലെതടക്കം ചില വൈദികരുമായി ജോളിക്കുണ്ടായിരുന്ന അവിശുദ്ധ ബന്ധം, എന്‍ഐടി പരിസരം കേന്ദ്രീകരിച്ച് നടന്ന സെക്‌സ് റാക്കറ്റ്, ജോളിയുടെ പിതാവിനടക്കം കൊലപാതകങ്ങളെ കുറിച്ച് മുന്‍ അറിവുണ്ടായിരുന്നത് തുടങ്ങിയ വിഷയങ്ങളിലൊന്നും അന്വേഷണം ഉണ്ടാകാതിരുന്നതും എസ്പിയുടെ ഇടപെടല്‍ മൂലമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്വേഷണ ഘട്ടത്തിൽ മികച്ച കുറ്റാന്വേഷകന്റെ പുറം ചട്ട നേടാൻ ആവശ്യത്തിനും, അനാവശ്യത്തിനും മാധ്യമ ശ്രദ്ധനേടാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ മുഖം മൂടിയാണ് ഇവിടെ വലിച്ചുകീറപ്പെടുന്നത്. മറ്റൊരു ഏജന്‍സിയുടെ അന്വേഷണത്തില്‍ മാത്രമേ സൈമന്റെ അട്ടിമറി പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളേയും സഹോദരനേയും നഷ്ടപ്പെട്ട പരാതിക്കാര്‍ ഇപ്പോൾ.