ഒരു ഫോണും സുരക്ഷിതമല്ല, ചാരസോഫ്റ്റ്വെയര് വ്യാപാരം നിരോധിക്കാതെ ലോകത്ത്; എഡ്വേഡ് സ്നോഡന്‍
ലണ്ടന്‍: ചാര സോഫ്റ്റ്വെയറുകളുടെ വ്യാപാരം അന്താരാഷ്ട്രതലത്തില്‍ നിരോധിക്കണമെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി മുന്‍ ജീവനക്കാരനും ‘വിസില്‍ ബ്ലോവറു’മായ എഡ്വേഡ് സ്നോഡന്‍. ലാഭം ലക്ഷ്യമിട്ട് ചാര സോഫ്റ്റ്വെയറുകള് നിര്‍മിക്കുന്നത് ഒരിക്കലും നിലവിലുണ്ടാകരുതാത്ത വ്യവസായമാണെന്നും ‘ദ ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തില്‍ സ്നോഡന്‍ ചൂണ്ടിക്കാട്ടി. ഭരണകൂടങ്ങള്‍ പൗരന്മാരെ അടിച്ചമര്‍ത്തുന്നതിനും കടുത്ത നിരീക്ഷണത്തിന് വിധേയരാക്കുന്നതിനും വാണിജ്യ ചാര സോഫ്റ്റ്വെയറുകളെ ഏതുതരത്തില്‍ ഉപയോഗിക്കുന്നുവെന്നത് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണെന്ന് സ്നോഡന്‍ ചൂണ്ടിക്കാട്ടി.
യു.എസ് ഇന്‍റലിജന്‍സ് സംവിധാനങ്ങളെ ഞെട്ടിച്ച വിവര ചോര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് സ്നോഡന്‍. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിള്‍, ഫേസ്ബുക്ക്, പാല്‍ടോക്ക്, സെ്‌കെപ്പ്, യു.ട്യൂബ്, എ.ഒ.എല്‍., ആപ്പിള്‍ എന്നിവയടക്കം ഒന്‍പത് അമേരിക്കന്‍ ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്ദിനപത്രങ്ങള്‍ വഴി പുറത്തുകൊണ്ടു വന്നത് സ്നോഡെനായിരുന്നു. പ്രിസം എന്ന രഹസ്യനാമത്തിലായിരുന്നു ഈ പദ്ധതി അറിയപ്പെട്ടിരുന്നത്.
ഒരു ഫോണും സുരക്ഷിതമല്ലാത്ത ലോകത്തെയാണ് അഭിമുഖീകരിക്കേണ്ടി വരികയെന്ന് സ്നോഡന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലി കമ്ബനിയുടെ പെഗസസ് ചാര സോഫ്റ്റ്വെയര് ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ ഫോണുകള്‍ ഹാക്ക് ചെയ്ത് ചാരവൃത്തി നടന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സ്നോഡന്‍റെ പ്രതികരണം.
പൊലീസിന് പരമ്ബരാഗത രീതിയില്‍ ഒരാളുടെ ഫോണ്‍ ചോര്‍ത്താനോ ഉപകരണങ്ങളില്‍ ഫയലുകള്‍ തിരുകിക്കയറ്റാനോ ചെയ്യണമെന്നുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് പോകേണ്ടതുണ്ട്. അവരുടെ വീട്ടിലോ കാറിലോ ഓഫിസിലോ ചെല്ലേണ്ടതുണ്ട്. ഒരു വാറന്‍റും കൈയിലുണ്ടാവേണ്ടതുണ്ട്.
എന്നാല്‍, വാണിജ്യ ചാര സോഫ്റ്റ്വെയറുകള് ഈ പണി എളുപ്പവും ചെലവു കുറഞ്ഞതുമാക്കുകയാണ്. അകലത്തെവിടെയോ ഇരുന്ന് കുറഞ്ഞ ചെലവില്‍ ഇങ്ങനെ ചാരവൃത്തി നടത്താന്‍ സാധിക്കുമെങ്കില്‍ അത് എല്ലാക്കാലവും തുടര്‍ന്നുകൊണ്ടേയിരിക്കും. പ്രധാനമായും ലക്ഷ്യമിടുന്നവര്‍ക്ക് േനരെ മാത്രമല്ല, അവര്‍ക്ക് നേരിയ താല്‍പര്യമുള്ള ആളുകളെ വരെ ഇത്തരത്തില്‍ നിരീക്ഷണത്തിന് കീഴിലാക്കാം -സ്നോഡന്‍് ചൂണ്ടിക്കാട്ടി.
പെഗസസിനെ പോലെയുള്ള ശക്തമായ ചാര സോഫ്റ്റ്വെയറുകള്ക്കെതിരെ സാധാരണക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ല. അണുവായുധങ്ങള്‍ക്കെതിരെ സാധാരണക്കാരന് ഒന്നും ചെയ്യാനാകാത്തതിന് തുല്യമാണിത്. അന്താരാഷ്ട്ര തലത്തില്‍ നിരോധനം ഏര്‍പ്പെടുത്തുക മാത്രമാണ് മുന്നിലുള്ള വഴി – സ്നോഡന്‍ ചൂണ്ടിക്കാട്ടി. ഈയൊരു സാങ്കേതിക വിദ്യക്കെതിരെ നിങ്ങള്‍ക്കൊന്നും ചെയ്യാനായില്ലെങ്കില്‍ 50,000 പേര്‍ മാത്രമായിരിക്കില്ല ചാരവൃത്തിക്ക് വിധേയരാവുക. അഞ്ച് കോടി പേരെ നിരീക്ഷിക്കണമെങ്കില്‍ അതും സാധ്യമാണ്. നാം പ്രതീക്ഷിക്കുന്നതിലും വേഗത്തിലാവും ഇത് സംഭവിക്കുക.
അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലിന് പിന്നാലെ ഹോങ്കോങ്ങില്‍ അഭയം തേടിയ സ്‌നോഡെന്‍ പിന്നീട് മോസ്‌കോയിലേക്ക് കടക്കുകയായിരുന്നു. നിലവില്‍ റഷ്യയാണ് സ്നോഡന് അഭയം നല്‍കുന്നത്.