കേരളത്തിൽ തേടിയത് അഞ്ചു ഭീകരർക്ക് വേണ്ടി, കുടുങ്ങിയത് 3 പേർ.

കഴിഞ്ഞ ഒരാഴ്‌ചയായി എൻ ഐ എ കേരളത്തിൽ തേടിയത് അഞ്ചു ഭീകരർക്ക് വേണ്ടി. പാക്കിസ്ഥാനിലെ അൽഖായിദ ഘടകവുമായി നേരിട്ടു ബന്ധമുള്ള 5 പേരെ തേടിയാണു എൻഐഎ കേരളത്തിൽ അന്വേഷണം നടത്തിവന്നത്. ഇതിൽ 3 പേരെയാണ് ഇതിനകം പിടികൂടാനായത്. ബാക്കിയുള്ള 2 പേർക്കു വേണ്ടി തിരച്ചിൽ എൻ ഐ എ ഇപ്പോഴും നടത്തി വരുകയാണ്.
അറസ്റ്റിലായ 3 പേരും ബംഗാൾ അതിർത്തി വഴി നുഴഞ്ഞു കയറിയ വിദേശികളാണെന്നാണ് എൻ ഐ എ പറയുന്നത്. ബിൻ ലാദൻ രൂപം കൊടുത്ത അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിനു വേണ്ടി ധനസമാഹരണം നടത്തുന്നവരാണ് അറസ്റ്റിലായ 3 പേരും എന്നാണു വിവരം.കൊച്ചി നാവികത്താവളം, കപ്പൽശാല അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതായി ഒരു മാസം മുൻപു കേന്ദ്ര ആഭ്യന്തരവകുപ്പിനു രഹസ്യവിവരം ഉണ്ടായിരുന്നതാണ്.
ഒപ്പം സാധാരണ ജനങ്ങൾ ഒത്തുകൂടുന്ന ഇടങ്ങളിലും ഇവർ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായാണു സൂചന. അബ്ദുൽ നാസർ മഅദനിയുടെ മോചനം ആവശ്യപ്പെട്ട്, 2005 സെപ്റ്റംബർ 9നു രാത്രി തമിഴ്നാട് ബസ് തട്ടിയെടുത്തു കത്തിച്ച കേസോടെയാണ്, കേരളത്തിൽ ആദ്യമായി അൽ ഖായിദയുടെ രംഗപ്രവേശം സംബന്ധിച്ച് രഹസ്യാന്വേഷ ഏജൻസികൾക്ക് സൂചന ലഭിക്കുന്നത്. കേസിലെ മുഖ്യപ്രതി തടിയന്റവിട നസീർ അൽ ഖായിദയുടെ ദക്ഷിണേന്ത്യൻ മൊഡ്യൂളിന്റെ ‘കമാൻഡർ’ ആണെന്നാണു കേസന്വേഷിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡു കണ്ടെത്തിയിരുന്നതുമാണ്. എൻഐഎ രൂപീകരിക്കും മുൻപു നടന്ന ഈ കുറ്റകൃത്യത്തിൽ ആഴത്തിലുള്ള അന്വേഷണം അന്ന് സാധ്യമായിരുന്നില്ല. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തെങ്കിലും പ്രതികളുടെ അൽഖായിദ ബന്ധത്തിനു തെളിവുകൾ കണ്ടെത്താനുള്ള അന്വേഷണം വിജയം കണ്ടില്ല. ഭീകരസംഘടനാ ബന്ധമുള്ളവർ എറണാകുളം ജില്ലയിലെ അതിഥിത്തൊഴിലാളി ക്യാംപ് ഒളിത്താവളമാക്കുന്നത് സംബന്ധിച്ചു ഏജൻസികൾക്ക് അറിയാമായിരുന്നു. മാവോയിസ്റ്റ് ബന്ധമുള്ള ആന്ധ്രപ്രദേശിലെ പിടികിട്ടാപ്പുള്ളി കരിംനഗർ സ്വദേശി മല്ലരാജ റെഡ്‌ഡിയും സംഘവും 2007 ഡിസംബർ 7 ന് അങ്കമാലിയിൽ പിടിക്കപ്പെട്ടിരുന്നത് ഇതിനു തെളിവാണ്. പാനായിക്കുളം സിമി ക്യാംപ് കേസ്, കോഴിക്കോട് ഇരട്ട സ്ഫോടനം, വാഗമൺ ആയുധ പരിശീലനക്കേസ്, കനകമല കേസ് തുടങ്ങിയവയിലും ഭീകരസംഘടനയുടെ പേരുകേട്ടെങ്കിലും ഇതാദ്യമാണു കേരളത്തിൽ അറസ്റ്റുണ്ടാകുന്നത്.