മത്സരിക്കാതിരിക്കാന്‍ ബി.ജെ.പി പണം നല്‍കിയെന്ന് മഞ്ചേശ്വരത്തെ കെ. സുരേന്ദ്രന്റെ അപരന്
കാസര്‍കോട്: മത്സരിക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപ നല്‍കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ അപരന്റെ വെളിപ്പെടുത്തല്‍. സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയശേഷം പിന്‍വലിച്ച കെ. സുന്ദരയാണ് പിന്മാറാന് രണ്ടുലക്ഷം രൂപ നല്‍കിയെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
15 ലക്ഷമാണ് ചോദിച്ചത്. എന്നാല്‍ രണ്ടുലക്ഷവും സ്മാര്‍ട്ട്ഫോണും പ്രദേശിക ബി.ജെ.പി നേതാക്കള്‍ വീട്ടിലെത്തിക്കുകയായിരുന്നുവെന്നു. കൂടാതെ വീടും വാഗ്ദാനം ചെയ്തു. ജയിച്ചുകഴിഞ്ഞാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന് ഉറപ്പു നല്‍കിയതായും സുന്ദര പറയുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി.െക. ജാനുവിന് സുരേന്ദ്രന് പണം നല്‍കിയെന്ന ജെ.ആര്.പി ട്രഷററര്‍ പ്രസീതയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുതിയ സംഭവം.
ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങിയ സുന്ദര പത്രിക പിന്നീട് പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന പരാതിയുമായി ബി.എസ്.പി ജില്ല നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ബി.ജെ.പിയുടെ മഞ്ചേശ്വരത്തെ ഓഫിസിലെത്തി സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.