പറ്റ്‌നയില്‍ എസിയോടൊപ്പം പാര്‍ട്ടിയുടെ ഫ്യൂസും ഊരി കനയ്യ
പറ്റ്‌ന: സ്വന്തം എസിയുമായി കോണ്‍ഗ്രസില്‍ ചേരുന്ന ആദ്യ നേതാവെന്ന ഖ്യാതിയുമായി കനയ്യ കുമാര്‍. സിപിഐ വിട്ട് ഇന്ന് കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്ന കനയ്യ പാര്‍ട്ടി ഓഫീസില്‍ താന്‍ ഉപയോഗിച്ച മുറിയിലെ എസി പാര്‍ട്ടി വിടുന്നതിന് മുന്നോടിയായി ഊരിമാറ്റി. പാര്‍ട്ടി ഓഫിസിലെ എസി ഊരിക്കൊണ്ടുപോകുന്നത് തടയാന്‍ പോലുമുള്ള ശേഷി ഇല്ലാത്ത അവസ്ഥയാണ് സിപിഐയ്ക്ക് ബീഹാറില്‍.
ജെഎന്‍യുവില്‍ നിന്നുള്ള തീപ്പൊരി നേതാവ് പാര്‍ട്ടിയെ വളര്‍ത്തുമെന്ന പ്രതീക്ഷയിലാണ് സിപിഐ എല്ലാ സൗകര്യങ്ങളും സ്ഥാനമാനങ്ങളും നല്‍കിയത്. 2019 ലോക്‌സഭ ഇലക്ഷനില്‍ ബെഗുസാരായ് മണ്ഡലത്തില്‍ നിന്നു മത്സരിച്ച കനയ്യ കുമാര്‍ നാലു ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് ബിജെപി നേതാവ് ഗിരിരാജ് സിംഗിനോട് അടിയറവ് പറഞ്ഞു. അച്ചടക്കമുള്ള പാര്‍ട്ടി കേഡറിനെ പ്രതീക്ഷിച്ച നേതൃത്വത്തെ അമ്പരിപ്പിച്ച് നേതൃത്വത്തെ വെല്ലുവിളിക്കുന്ന ഒരു യഥാര്‍ഥ വിപ്ലവകാരിയെയാണ് കണ്ടത്. പറ്റ്്‌ന ഓഫീസ് സെക്രട്ടറിയെ മര്‍ദിച്ച് അവശനാക്കിയതോടെ വിപ്ലവസിംഹത്തിന്റെ നേതൃത്വം അംഗീകരിക്കാന്‍ പാര്‍ട്ടിക്ക് കഴിയാതെയായി.
എന്തായാലും കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി മാറിപ്പോയപ്പോള്‍ നിഴല്‍ പോലും കൂടെയുണ്ടായിരുന്നില്ല. എന്നാല്‍ കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമ്പോള്‍ സിപിഐ പ്രതീക്ഷയര്‍പ്പിച്ച കുറച്ച് അണികളും കൂടെപ്പോകുമെന്ന് ഉറപ്പായിട്ടുണ്ട്. ദളിത് നേതാവും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുമായുള്ള സൗഹൃദം കനയ്യ കുമാറിനെ കോണ്‍ഗ്രസിലെത്തിച്ചു. ഇത് ഉത്തരേന്ത്യയില്‍ സിപിഐയുടെ ശേഷിച്ച വേരുകളും ഇളക്കിക്കളയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ജെഎന്‍യു വിപ്ലവ സിംഹത്തിനെ കോണ്‍ഗ്രസിലേക്ക് ആനയിക്കുന്നതില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തനതായ പങ്ക് വഹിച്ചിട്ടുണ്ട്. എക്കാലത്തും കോണ്‍ഗ്രസുകാരുടെ ഭാവി പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കനയ്യ കുമാര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കു പോകുന്നത് തടയാന്‍ സിപിഐ നേതൃത്വം പരമാവധി ശ്രമിച്ചു. എന്നാല്‍ തന്നെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാക്കണമെന്നാണ് പാര്‍ട്ടി നേതാക്കളോട് കനയ്യ ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിക്കാനുള്ള യോഗം പാര്‍ട്ടി വിളിച്ചിട്ടുണ്ട്. എന്നാല്‍ നേതാക്കളില്‍ നിന്ന് ഉറപ്പ് ലഭിക്കാത്തതിനാല്‍ കനയ്യ ഇടതുപക്ഷത്തെ പൂര്‍ണമായും വെടിഞ്ഞ് കോണ്‍ഗ്രസിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചു.