സഞ്ജിത്തിന്റെ കൊലപാതകികള്‍ സഞ്ചരിച്ച വാഹനം പൊളിക്കാനായി പൊള്ളാച്ചിയില്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനം പൊളിക്കാനായി പൊള്ളാച്ചിയില്‍ എത്തിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.05നാണ് വാഹനം പൊള്ളാച്ചിയില്‍ എത്തിയത്. കാര്‍ പൊളിച്ച വര്‍ക്ക്ഷോപ്പിന് സമീപത്തെ ഹോട്ടലിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
പൊള്ളാച്ചി കുഞ്ചുപാളയത്തെ വാഹനങ്ങള്‍ പൊളിക്കുന്ന വര്‍ക്ക്ഷോപ്പിലാണ് കാര്‍ വിറ്റത്. 15,000 രൂപക്കാണ് കാര്‍ വിറ്റതെന്ന് വര്‍ക്ക്ഷോപ്പ് ഉടമ മുരുകാനന്ദം പറഞ്ഞു. രണ്ടു പേര്‍ എത്തിയാണ് കാര്‍ നല്‍കിയത്. കൃത്യം നടത്തിയ വ്യക്തികളുടെ സുഹൃത്തുക്കളാണ് വാഹനം പൊളിക്കാന്‍ നല്‍കിയതെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസം മുന്‍പും ഇവര്‍ മറ്റൊരു വാഹനം എത്തിച്ചിരുന്നു. പൊളിച്ച ശേഷം വാഹനത്തിന്റെ രേഖകള്‍ എല്ലാം തിരികെ വാങ്ങിയതായും വര്‍ക്ക്ഷോപ് ഉടമ പറയുന്നു.
കാറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോറന്‍സിക് സംഘം വര്‍ക്ക്ഷോപ്പില്‍ പരിശോധനയ്ക്കെത്തി. കാറില്‍ രക്തക്കറയോ, മുടിനാരിഴയോ ഉള്‍പ്പെടെ ഉണ്ടോ എന്നും, വിരലടയാളങ്ങളും ഉള്‍പ്പെടെയാണ് സംഘം പരിശോധിക്കുന്നത്. അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലങ്കോടിനടുത്താണ് ഈ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.