മാതൃഭൂമി ചാനലിന് കഷ്ടകാലം: വ്യാജവാര്‍ത്തയ്ക്ക് വിശദീകരണം നല്കാന് നോട്ടീസ്
ന്യൂഡല്‍ഹി: മാതൃഭൂമിയിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് വേണു രാജിവച്ച വാര്‍ത്തയുടെ അലയൊലി അടങ്ങും മുന്‍പ് അടുത്ത പ്രഹരവുമായി കേന്ദ്രവാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നോട്ടീസ്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്. അവതാരകന് ഹഷ്മി താജ് ഇബ്രാഹിമിനും ചാനലിനുമെതിരെ യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവന് നല്കിയ പരാതിയിലാണ് മന്ത്രാലയം നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഒരു ദിവസം രാജ്യത്ത് അന്‍പത് പേര് ഓക്സിജന്‍ കിട്ടാതെ മരിച്ചു, ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 25 പേര് പിടഞ്ഞു മരിച്ചു എന്നീ തെറ്റായ വാര്‍ത്തകളാണ് മാതൃഭൂമി നല്‍കിയത്. അന്നുതന്നെ വൈകുന്നേരം ആശുപത്രി അധികൃതര്‍ വാര്‍ത്ത തെറ്റാണെന്ന് വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തി. എന്നാല്‍ മാതൃഭൂമി തെറ്റായ വാര്‍ത്ത പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറായല്ല. ഡല്‍ഹി ഹൈക്കോടതിയും ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
പ്രസ്തുത തിയതിയില്‍ ഡല്‍ഹിയില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. രാജ്യത്തെ ഭരണകൂടത്തിനെതിരെ ജനങ്ങളെ പ്രകോപിതരാക്കി കലാപം നടത്താനുള്ള ശ്രമമാണ് ഹഷ്മി താജ് ഇബ്രാഹിം നടത്തിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഏപ്രില്‍ 23നാണ് മാതൃഭൂമി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയത്. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വിധത്തില്‍ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രശാന്ത് ശിവന് മന്ത്രാലയത്തിനു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.