മഴപെയ്താൽ ചോരുന്ന വീട്ടിൽ, സ്നേഹ കവിതയുടെ പെരുമഴ.

കുഴൽമന്ദം/ കൊറോണ താണ്ഡവമാടുമ്പോൾ വീട്ടിലൊതുങ്ങിയുള്ള ജീവിതത്തിനിടെ കുഴൽമന്ദം ഗവൺമെന്റ് ഹൈസ്കൂളിലെ എട്ടാംക്ലാസുകാരിയായ സ്നേഹ കൊറോണയെ തുരത്താം എന്ന തലക്കെട്ടിൽ എഴുതിയ കവിതയാണ് ബജറ്റ് പ്രസംഗം ആരംഭിക്കും മുൻപ് ധനമന്ത്രി തോമസ് ഐസക് ചൊല്ലിയത്.
‘എന്നും ഇരുട്ടു മാത്രമാവണമെന്നില്ല,
നേരം പുലരുകയും
സൂര്യൻ സർവ തേജസ്സോടെ ഉദിക്കുകയും
കനിവാർന്ന പൂക്കൾ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വർഗമാക്കുകയും ചെയ്യും.
നമ്മൾ കൊറോണയ്ക്കെതിരെ പോരാടി
വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ
എത്തിക്കുകയും ചെയ്യും.’
ബഡ്ജറ്റ് അവതരണത്തിന് മുൻപ്പ് ധനമന്ത്രി തോമസ് ഐസക് ചൊല്ലിയ കവിത തന്റേതാണെന്നു കൂട്ടുകാരും അധ്യാപകരും ഒക്കെ പറഞ്ഞിട്ടും സ്നേഹക്ക് വിശ്വസിക്കാനായില്ല. ബജറ്റ് അവതരണത്തിൽ മന്ത്രി തന്റെ വരികൾ വായിക്കുന്നതിന്റെ വിഡിയോ പിന്നീടു ഫോണിൽ കാണുമ്പോഴാണ് സ്നേഹക്ക് വിശ്വാസം വരുന്നത്. ആശംസകളുടെയും, അഭിനന്ദനങ്ങളുടെയും പ്രവാഹമായിരുന്നു പിന്നെ. ‘ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇത് സംഭവിച്ചത്. ബജറ്റ് അവതരിപ്പിക്കുന്നത് കണ്ടില്ലായിരുന്നു. പിന്നെ സ്കൂൾ ഹെഡ്മാസ്റ്ററും എഇഒയും എല്ലാം വിളിച്ചു..’ ഭയങ്കര സന്തോഷത്തിലാണെന്നും സ്നേഹ ഒരു മാധ്യമത്തോട് പറഞ്ഞു. കോവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച അക്ഷര വർഷം പദ്ധതിയുടെ ഭാഗമായി സ്നേഹ എഴുതി നൽകിയ ഈ വരികൾ ആയിരുന്നു ആ കവിതയിലേത്.
ചെറുപ്പം മുതൽ കവിതകളും, കഥകളുമൊക്കെ സ്നേഹ എഴുതാറുണ്ട്. നിരവധി അംഗീകാരങ്ങളും, സർട്ടിഫിക്കറ്റുകളും വാങ്ങിയിട്ടുണ്ട്. പക്ഷെ നാടും നഗരവും, എല്ലാം അറിഞ്ഞു ആശംസാപ്രവാഹം ഉണ്ടാകുന്നത് ഇത് ആദ്യമാണെന്നാണ് സ്നേഹ പറയുന്നത്. ആദ്യം സ്നേഹയെ വിളിച്ചത് മന്ത്രിയുടെ സെക്രട്ടറി ആയിരുന്നു. ഒരു ഫോട്ടോ അയച്ചു കൊടുക്കാനും ആവശ്യപ്പെടുകയുണ്ടായി. പാലക്കാട് ചിതലി കല്ലേങ്കോണത്തെ ഒരു കൊച്ചു കുടിൽ പെരുമയിൽ ആറാടിയ ദിനായിരുന്നു വെള്ളിയാഴ്ച. മഴ പെയ്യുമ്പോഴൊക്കെയും, വെള്ളം വീഴാതിരിക്കാൻ ടാർപോളിൻ വലിച്ചു കെട്ടി കഴിയുന്ന, ഡ്രൈവർ ജോലിചെയ്തു ജീവിക്കുന്ന അച്ഛൻ കണ്ണനും അമ്മയും ചേച്ചിയും അടങ്ങുന്ന കുടുംബം. സ്നേഹയുടെ ചേച്ചി രുദ്ര കുഴൽമന്ദം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.