മൂന്ന് വർഷത്തിനിടെ അതിർത്തിയിൽ ചൈന 13 സൈനിക താവളങ്ങൾ നിർമ്മിച്ചു.

ന്യൂഡൽഹി: 2017ലെ ദോക്‌ലാം സംഘർഷത്തിന് ശേഷം യാഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന 13 പുതിയ സൈനിക താവളങ്ങൾ നിർമ്മിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. നാല് ഹെല്‌പോർട്ടുകൾ ഉൾപ്പെടെയാണ് ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മൂന്ന് എയർ ബേസുകളും അഞ്ച് സ്ഥിരം എയർ ഡിഫൻസ് താവളങ്ങളും ചൈന നിർമ്മിച്ചെന്നാണ് റിപ്പോർട്ട്. ലഡാക്കിലെ സംഘർഷത്തിന് ശേഷം പുതുതായി നാല് ഹെലിപോർട്ടുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പ്രമുഖ സുരക്ഷ-രഹസ്യാന്വേഷണ കൺസൾട്ടൻസിയായ സ്ട്രാറ്റ്‌ഫോർ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം ഇനിയും പൂർത്തിയായിട്ടില്ല. അതിന്റെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിനാൽ ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കാണുന്ന ചൈനീസ് സൈനിക പ്രവർത്തനം ഒരു ദീർഘകാല ഉദ്ദേശ്യത്തിന്റെ ആരംഭം മാത്രമാണെന്നാണ് സൂചന.മൂന്ന് വ്യോമത്താവളങ്ങൾ, അഞ്ച് സ്ഥിരം വ്യോമപ്രതിരോധ യൂണിറ്റുകൾ, അഞ്ച് ഹെലിപോർട്ടുകൾ എന്നിവയാണ് ചൈന മൂന്ന് വർഷത്തിനുള്ളിൽ പുതുതായി നിർമിച്ചത്.
കിഴക്കൻ ലഡാക്കിൽ ഈവർഷം മെയിൽ നടന്ന സംഘർഷത്തിന് ശേഷമാണ് നാല് ഹെലി പോർട്ടുകളുടെ നിർമ്മാണം ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. 2017ലെ ദോക്‌ലാം സംഘർഷം ചൈനയുടെ സൈനിക രീതികളിൽ മാറ്റം വരുത്തുന്നതിന് കാരണമായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.2016ൽ പ്രദേശത്ത് ചൈനയ്ക്ക് ഒരു ഹെലിപോർട്ടും ഒരു എയർ ഡിഫൻസ് സൈറ്റും മാത്രമേ ഉണ്ടായിരുന്നുള്ളു. 2019-2020 വർഷത്തിലാണ് നാല് എയർ ബെയ്‌സുകളും നാല് എയർ ഡിഫൻസ് സൈറ്റുകളും ചൈന നിർമ്മിച്ചത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.