കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; അടിയന്തര പ്രമേയ നോട്ടീസ് നൽകി

ഛത്തീസ്ഗഢിൽ മതപരിവർത്തനാരോപണം ചുമത്തി മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണങ്ങൾ ശക്തമാകുന്നു. വിഷയത്തിൽ ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകി. ബെന്നി ബഹന്നാനും കെ. സുധാകരൻ എംപിയും സഭയിൽ അടിയന്തരമായി വിഷയത്തെ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഢിൽ മിഷനറി പ്രവർത്തകർക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ പതിവായ സംഭവങ്ങളാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ മിഷനറി പ്രവർത്തകരെ പോലീസിന്റെ മുന്നിൽ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. കേസിൽ പ്രതിയായ ജ്യോതി ശർമ ഒളിവിലാണ് എന്ന് പോലീസ് കോടതിയെ അറിയിച്ചു. ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്താലാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നാരോപണം ഉയർന്നിട്ടുണ്ട്. ജ്യോതി ശർമ പോലീസിന്റെ സാന്നിധ്യത്തിൽ കന്യാസ്ത്രീകളെ ചോദ്യം ചെയ്യുന്നതും ആക്രമിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു.
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് സഭാ നേതാക്കൾ ഇന്ന് ദുർഗ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കഴിഞ്ഞ വെള്ളിയാഴ്ച നിർബന്ധിത മതപരിവർത്തനാരോപണം ഉയർത്തി ബജ്റംഗ്ദൾ പ്രവർത്തകരുടെ പരാതിയെ തുടർന്ന് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി, സിസ്റ്റർ വന്ദന എന്നിവരാണ് അറസ്റ്റിലായത്. 19 മുതൽ 22 വയസ്സുവരെ പ്രായമുള്ള നാരായൻപൂർ സ്വദേശിനികളായ മൂന്ന് യുവതികളോടൊപ്പമാണ് അവർ സഞ്ചരിച്ചിരുന്നത്.
റെയിൽവേ സ്റ്റേഷനിൽ എത്തിയ ബജ്രംഗ്ദൾ പ്രവർത്തകർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടക്കുന്നുവെന്ന് ആരോപിച്ച് കന്യാസ്ത്രീകളെ തടഞ്ഞുവെച്ചു. തുടർന്ന് റെയിൽവേ പൊലീസ് ഇടപെട്ട് ഇരുവരെയും അറസ്റ്റ് ചെയ്തു.
പെൺകുട്ടികൾ കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയാണെന്നും, രക്ഷിതാക്കളുടെ അനുമതിപത്രവും തിരിച്ചറിയൽ രേഖകളും കൈവശമുണ്ടെന്നും വ്യക്തമാക്കി. അവർ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും വ്യക്തമാക്കിയെങ്കിലും, ബജ്രംഗ്ദളോ പൊലീസോ ഇത് അംഗീകരിച്ചില്ല.
ആരോപണങ്ങൾക്കെതിരെ തെളിവുകൾ ഉണ്ടായിട്ടും, റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് ഇരുകന്യാസ്ത്രീകളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടലുണ്ടാകണമെന്ന് സിറോ മലബാർ സഭ ആവർത്തിച്ചിരുന്നു.
Tag: Incident of arrest of nuns; Emergency resolution notice issued