ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ അസിസ്റ്റന്റ് കമാൻഡന്റ് മദ്യപിച്ച് ഹാജരായ സംഭവം; നടപടിക്ക് ശിപാർശ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ അസിസ്റ്റന്റ് കമാൻഡന്റ് സുരേഷ് മദ്യപിച്ച് ഹാജരായ സംഭവത്തില്‍ നടപടിക്ക് ശിപാർശ ചെയ്തു. കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടിക്കാണ് ഇയാൾ മദ്യലഹരിയോടെ എത്തിയതെന്ന് കണ്ടെത്തിയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് സുരേഷിനെ തിരിച്ചയച്ചത്.
മുമ്പും സമാനമായ ഒരു സംഭവം നെടുമ്പാശ്ശേരിയിൽ നടന്നിരുന്നു. അന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പാലക്കാട് എ.ആർ ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെയാണ് വീണ്ടും പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് സുരക്ഷാ ഡ്യൂട്ടിക്കെത്തിയത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയിരുന്നു. ഇന്ന് രാവിലെ എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ചില സ്വകാര്യ സംഘടനകളുടെ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
അമിത് ഷായുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ എൻഎച്ച് 544-ൽ മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂർ, കച്ചേരിപ്പടി, ബാനർജി റോഡ്, ഹൈക്കോടതി ജങ്ഷൻ, ഗോശ്രീ പാലം, ബോൾഗാട്ടി ജങ്ഷൻ എന്നിവിടങ്ങളിൽ നിയന്ത്രണം ബാധകമാണ്.
സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതേസമയം, വരുന്ന തദ്ദേശ തിരഞ്ഞെടുപ്പുകൾ അടക്കമുള്ള വിഷയങ്ങൾ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ചര്‍ച്ചചെയ്യുമെന്ന് അറിയുന്നു. കെ. സുരേന്ദ്രൻ, വി. മുരളീധരൻ, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
Tag: Incident of Assistant Commandant appearing drunk during Home Minister Amit Shah’s security duty; action recommended