വയോധികന്‍റെ നിവേദനം നിരസിച്ച സംഭവം; പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ താൻ നൽകാറില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശൂർ ചേർപ്പിൽ നടന്ന കലുങ്ക് സംവാദത്തിനിടെ വയോധികന്റെ അപേക്ഷ നിരസിച്ച സംഭവത്തെക്കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തി. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഒരിക്കലും നൽകാറില്ലെന്നും, ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ സൃഷ്ടിക്കുന്നത് തന്റെ ശൈലിയല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഭവനനിർമാണം സംസ്ഥാന വിഷയമാണെന്നും, ഒരാളുടെ അപേക്ഷ അനുവദിക്കുകയോ തീരുമാനിക്കുകയോ ചെയ്യാൻ തനിക്കാവില്ലെന്നും, അത്തരം കാര്യങ്ങൾ സംസ്ഥാന സർക്കാർ തന്നെ പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച് ജനങ്ങൾക്ക് യഥാർത്ഥമായ നേട്ടങ്ങൾ ലഭ്യമാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
വയോധികനായ കൊച്ചു വേലായുധന്റെ അപേക്ഷ താൻ നിരസിച്ചതിനുശേഷം, സിപിഐഎം അദ്ദേഹത്തിന് വീട് നൽകുമെന്ന് പ്രഖ്യാപിച്ചത് സന്തോഷകരമാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസം ചേർപ്പിൽ നടന്ന പരിപാടിയിൽ കൊച്ചു വേലായുധൻ വീടിനായി അപേക്ഷ സമർപ്പിച്ചെങ്കിലും സുരേഷ് ഗോപി അത് സ്വീകരിക്കാതെ നിരസിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് സംഭവം സിപിഐഎം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയും, നിവേദനമടങ്ങിയ കവർ തുറന്നുനോക്കാതെയവഗണിക്കപ്പെട്ട കൊച്ചു വേലായുധന് വീട് നിർമ്മിച്ച് നൽകുമെന്ന പ്രഖ്യാപനവുമായി സിപിഐഎം മുന്നോട്ട് വരികയും ചെയ്തു.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്‍റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു. ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്‍റെ ശൈലി അല്ല. ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച്, ജനങ്ങൾക്ക് യഥാർത്ഥ നേട്ടങ്ങൾ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ. കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ. ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർത്ഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്‍റെ വിശ്വാസം.
Tag: Incident of rejection of elderly person’s petition; Union Minister Suresh Gopi says he does not make promises that cannot be kept