അരി 24 രൂപ, പഞ്ചസാര 22 രൂപ;തുടക്കം കുറിച്ച് സപ്ലൈകോ ഓണം ഫെയറുകള്‍
സംസ്ഥാനത്ത് സപ്ലൈകോ ഓണം ഫെയറുകള്‍ ആരംഭിച്ചു . ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നിര്‍വഹിച്ചു. കോവിഡ് മഹാമാരി കാലത്ത് പൊതു വിപണിയിലെ വില നിയന്ത്രിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമായാണ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ഓണം ഫെയറുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു .
ഇതിനകം 12,72,521 പേര്‍ ഓണത്തിനുള്ള സ്പെഷ്യല്‍ കിറ്റ് വാങ്ങിയിട്ടുണ്ട് . അര്ഹതെ ഇല്ലാത്തവരില്‍ നിന്ന് തിരികെ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . മന്ത്രി ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷനായി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് സ്റ്റാളുകളുടെ ഉദ്ഘാടനവും ആദ്യ വില്‍പ്പനയും നിര്‍വഹിച്ചത് .
ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളില്‍ വിലക്കുറവില്‍ ലഭിക്കും. ഓണം ഫെയറിലെ പ്രധാന ഇനങ്ങളുടെ സബ്സിഡി നോണ്‍ സബ്സിഡി വില ഇങ്ങനെയാണ് :
ചെറുപയര്‍ 74 , 82
ഉഴുന്ന് 66 , 98
കടല 43 , 63
വന്‍പയര്‍ 45 , 80
തുവരന്‍ പരിപ്പ് 65 ,102
മുളക് 75 ,130
മല്ലി 79 , 92
പഞ്ചസാര 22 , 37.50
ജയ അരി 25 ,31
പച്ചരി 23 ,28
മട്ട അരി 24 ,29.50
അഞ്ചുമുതല്‍ 30 ശതമാനം വരെ വിപണന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുന്ന ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ഓണം ഫെയര്‍ ഈ മാസം 20 വരെ പ്രവര്‍ത്തിക്കും. താലൂക്ക് ഫെയറുകള്‍, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ ആഗസ്റ്റ് 16 മുതല്‍ 20 വരെ വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് നടത്തും.പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് .