പൊരുതാന്‍ തയ്യാറായി ഇന്ത്യ ; റെക്കോഡില്‍ കണ്ണുവെച്ച് താരങ്ങള്‍.
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരകള്‍ക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. 3 വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ശിഖര്‍ ധവാന്‍ നായകനായ ടീമില്‍ കൂടുതലും പുതുമുഖങ്ങളാണ്. പരമ്പര ജയമാണ് ഇന്ത്യന്‍ ടീം കണക്കുകൂട്ടുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക.ടി20 ലോകകപ്പിനുള്ള ഒരുക്കമായി കണക്കാക്കാവുന്ന ഈ പരമ്പരയില്‍ താരങ്ങള്‍ക്കെല്ലാം തന്നെ എങ്ങനെ അവസരം നല്‍കുമെന്ന ചിന്തയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ധവാനും.
ലോകകപ്പില്‍ ഇടം കിട്ടണമെങ്കില്‍ പരമ്പരം വിജയം തന്നെ സ്വന്തമാക്കണമെന്ന വേലി നായമകനും മറ്റു താരങ്ങള്‍ക്കും മുന്നിലുണ്ട് എന്നതാ യാഥാര്‍ത്ഥ്യം. അതേ സമയം നല്ല രീതിയില്‍ പ്രകടനം കാഴ്ച്ചവെച്ചാല്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനും താരങ്ങള്‍ക്ക് സാധിക്കും. ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന നായകന്‍ എന്ന നേട്ടമാണ് ധവാന്‍ മുന്നില്ലുള്ളത്. ഇന്നത്തെ മത്സരത്തില്‍ 23 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 6000 റണ്‍സ് നേട്ടം കൈവരിക്കാന്‍ താരത്തിനാവും. ഇതോടെ ബാറ്റിങ്ങിലെ ചില റെക്കോര്‍ഡുകള്‍ കൂടിയാണ് താരത്തിന് സ്വന്തമാകുക. വിരാട് കോഹ്ലിക്ക് ശേഷം ഏറ്റവും കുറവ് ഇന്നിങ്‌സില്‍ നിന്നും 6000 റണ്‍സ് എന്ന നേട്ടം കൂടി ധവാനെ കാത്തിരിക്കുന്നുണ്ട്.
ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും താരത്തിന് സ്വന്തമാവും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18,426), വിരാട് കോഹ്ലി(12,169), സൗരവ് ഗാംഗുലി(11,363), രാഹുല്‍ ദ്രാവിഡ് (10,889),എം എസ് ധോണി(10,773), മുഹമ്മദ് അസറുദ്ദീന്‍ (9,378), രോഹിത് ശര്‍മ (9,205),യുവരാജ് സിംഗ്(8,701), വീരേന്ദര്‍ സെവാഗ്(8,273) എന്നിവരാണ് ധവാന് മുന്‍പേ ഈ നേട്ടത്തില്‍ എത്തിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍.
ഇതുകൂടാതെ 17 റണ്‍സ് കൂടി നേടിയാല്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടം കൂടി ധവാനെ കാത്തിരിക്കുന്നുണ്ട്. ഈ നേട്ടത്തിലെത്തുന്ന പന്ത്രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാവും ധവാന്‍. എന്നാല്‍ പരമ്പര ടീമില്‍ ആരയൊക്കെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ആശയകുഴപ്പത്തിലാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ശിഖര്‍ ധവാനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. ടീമില്‍ എല്ലാവരും മികച്ച പ്രകടനങ്ങളാണ് കാഴ്ച്ചവയ്ക്കുന്നത്.
പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷന്‍ കിഷന്‍, നിതീഷ് റാണ എന്നിവരുടെ കളിയിലെ പ്രകടനം ഒന്നിനൊന്ന് മെച്ചമാണ് ഇതില്‍ ആരുടെ കൂടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ കളിയില്‍ ഓപ്പണിംഗിന് ഇറങ്ങുക എന്നതാണ് ഇവര്‍ നേരിടുന്ന ആദ്യ വെല്ലുവിളി. ഇന്ത്യന്‍ താരങ്ങളില്‍ ഒരു സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനെ കളിപ്പിക്കുകയാണെങ്കില്‍ സൂര്യകുമാറിനെ 4ാം സ്ഥാനത്തേക്കു മാറ്റാം. അങ്ങനെയെങ്കില്‍ ഇഷനോ റാണയ്‌ക്കോ വണ്‍ഡൗണായി അവസരം കിട്ടും.
അതേസമയം വലംകൈ ബാറ്റ്‌സ്മാനാണെന്നതു ഷായ്ക്ക് അനുകൂലമാണ്. വണ്‍ഡൗണ്‍ പൊസിഷനില്‍ മുന്‍പന്തിയില്‍ സൂര്യകുമാര്‍ യാദവ് തന്നെയായിരിക്കും. സൂര്യകുമാര്‍ വണ്‍ഡൗണില്‍ തുടരുകയാണെങ്കില്‍ 4ാം സ്ഥാനത്ത് മനീഷ് പാണ്ഡെയ്ക്കാണ് സാധ്യത. കേരളത്തിന്റെ ഇഷ്ട താരം സഞ്ജു സാംസണും ടീമിലുണ്ട്. ഇഷനും സഞ്ജു സാംസണും തമ്മിലായിരിക്കും മത്സരം കാരണം വിക്കറ്റ് കീപ്പിങ്ങില്‍ ഒരുപടി മുന്നിലാണ് സഞ്ജു എന്നത് വസ്തുതയാണ്.