സ്വാതന്ത്ര്യദിനാഘോഷം; രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഭീകരാക്രമണ സാധ്യതയെ തുടർന്ന് രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്റലിജൻസ് ഏജൻസികളിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്.
പഹൽഗാമിൽ നടന്ന ഭീകരാക്രമണവും, അതിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’വും കഴിഞ്ഞുള്ള ഈ വർഷത്തെ ആഘോഷമായതിനാൽ ഭീഷണി നില കൂടുതലാണെന്ന് കേന്ദ്ര ഏജൻസികൾ ബന്ധപ്പെട്ട വകുപ്പുകളോട് അറിയിച്ചു. ശക്തമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
പാകിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ സംഘങ്ങൾ, ആഗോള ജിഹാദി ശൃംഖലകൾ, തീവ്ര ഇസ്ലാമിക വിഭാഗങ്ങൾ, സിഖ് തീവ്രവാദ ഗ്രൂപ്പുകൾ, ഇടതുപക്ഷ തീവ്രവാദികൾ, ചില വടക്കുകിഴക്കൻ വിമത സംഘടനകൾ തുടങ്ങി വിവിധ സ്രോതസ്സുകളിൽ നിന്ന് ഭീഷണിയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച വേദിയും വലിയ പൊതുസമ്മേളനങ്ങളും ഇത്തവണത്തെ ആഘോഷത്തിന് സുരക്ഷാ വെല്ലുവിളി സൃഷ്ടിക്കുന്നതായി ഇന്റലിജൻസ് വിലയിരുത്തൽ. ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രധാന വിഷയമാകുന്നതിനാൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കുകയാണ്.
ന്യൂഡൽഹിയിലെ വലിയ ജനസാന്നിധ്യവും അനധികൃത കോളനികളുടെ സാന്നിധ്യവും ഭീകരർക്ക് നുഴഞ്ഞുകയറാനോ ആക്രമണം നടത്താനോ സൗകര്യമൊരുക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. വിവിധ ഏജൻസികളും കേന്ദ്ര അർധസൈനിക സേനകളും ഏകോപിതമായി പ്രവർത്തിക്കണമെന്നും, വ്യക്തികളെ കര്ശനമായി പരിശോധിക്കണമെന്നും, യൂണിഫോമിലല്ലാത്തവർ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കാതിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഏകോപിത തീവ്രവാദാക്രമണങ്ങളിൽ നിന്ന് ചാവേറാക്രമണങ്ങൾ വരെയുള്ള ഭീഷണികൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വിവരവും പോസ്റ്റ് ചെയ്യരുതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. സംശയാസ്പദരുമായി വിവരങ്ങൾ പങ്കിടാതിരിക്കുക, സംശയകരമായ ചോദ്യങ്ങൾ ചോദിക്കുന്നവരെ ഉടൻ മേൽനിലവാരത്തിലുള്ള ഉദ്യോഗസ്ഥരെ അറിയിക്കുക എന്നിവയും നിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tag: Independence Day celebrations; High alert issued in the national capital and surrounding areas