Kerala NewsLatest NewsUncategorized

രാജ്യത്ത് ആറാം തവണയും പെട്രോൾ, ഡീസൽ വിലയിൽ വർധനവ്

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലീറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഇന്നലെ പെട്രോൾ ലിറ്ററിന് 26 പൈസയുടെയും ഡീസൽ ലിറ്ററിന് 35 പൈസയുടെയും വർധനവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ് വില.

കേരളമുൾപ്പടെ അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തുടർച്ചയായ ദിവസങ്ങളിൽ എണ്ണ കമ്പനികൾ ഇന്ധനവില വർധിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയകൾ അവസാനിച്ച മേയ് രണ്ടിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകൾക്ക് മുൻപ് ഇന്ധനവില സർവ്വകാല റെക്കോർഡിലേക്കും എത്തിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ അടുത്ത ദിവസം ഒരു ലിറ്റർ പെട്രോളിന് വില 92.28 രൂപയായിരുന്നു. പിന്നീടുള്ള 4 ദിവസം പെട്രോൾ വിലയിൽ വർധനവ് ഉണ്ടായി. മെയ് നാലിന് 29 പൈസയും അഞ്ചിന് 17 പൈസയും ആറിന് 23 പൈസയും ഏഴിന് 28 പൈസയുമാണ് വർധിച്ചത്. മെയ് മൂന്നിന് ഒരു ലിറ്റർ ഡീസലിന് 86.75 രൂപയായിരുന്നു വില. തുടർന്നുള്ള നാലു ദിവസം വില വർധിച്ചു. മെയ് 4ന് 32 പൈസയും അഞ്ചിന് 20 പൈസയും ആറിന് 30 പൈസയും ഏഴിന് 33 പൈസയുമാണ് ഡീസൽ വിലയിൽ വർധിച്ചത്. ഒരു വർഷത്തിനിടെ 20 രൂപയുടെ വർധനവാണ് ഇന്ധനവിലയിൽ രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയിൽ എണ്ണ ആവശ്യകത വർധിച്ചതും രൂപയുമായുള്ള വിനിമയത്തിൽ ഡോളർ ദുർബലമായതും കാരണം ക്രൂഡ് ഓയിൽ വില വീണ്ടും വർധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button