ഓക്സ്ഫഡ് വാക്സീന്റെ പരീക്ഷണം ഇന്ത്യയും നിർത്തി.

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) കാരണം കാണിക്കൽ നോട്ടിസിനു പിന്നാലെ, ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ പരീക്ഷണം നിർത്തി. വിദേശത്ത് ഉണ്ടായ സംഭവം ഇന്ത്യയിൽ നടക്കുന്ന പരീക്ഷണത്തെ ബാധിക്കുന്നില്ലെന്നായിരുന്നു ട്രയൽ നടത്തുന്ന പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞിരുന്നതെങ്കിലും, ഡിസിജിഐ വിമർശനം ഉന്നയിച്ചതിനു പിറകെയാണ് പരീക്ഷണം നിർത്തി വെച്ചത്.
ഓക്സ്ഫഡ് വാക്സീൻ ഉൽപാദകരായ അസ്ട്രാസെനക പരീക്ഷണം പുനരാരംഭിക്കുന്നതു വരെ ഇന്ത്യയിലും നിർത്തുകയാണെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിക്കുകയായിരുന്നു. കോവിഡിനെതിരെ ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ച ഏക വാക്സീനാണ് ഓക്സ്ഫഡിന്റേത്. യുകെയ്ക്കു പുറമേ, ഓക്സ്ഫഡ് വാക്സീൻ പരീക്ഷിക്കുന്ന യുഎസ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും പരീക്ഷണം നിർത്തി വെച്ചിരിക്കുകയാണ്.
ഓക്‌സ്‌ഫഡ് വാക്സീൻ പരീക്ഷണം ജൂലൈയിൽ നിർത്തിവച്ചതും നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖം വൊളന്റിയർമാരിൽ ഒരാളിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു. ഇപ്പോൾ ട്രാൻസ‍്‍വേഴ്സ് മൈലൈറ്റീസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നേരത്തെ മൾട്ടിപ്പിൾ സ്ക്ലീറോസിസ് ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. നാഡീതന്തുക്കളെ സംരക്ഷിക്കുന്ന ആവരണത്തെ, സ്വന്തം രോഗപ്രതിരോധ വ്യവസ്ഥ തന്നെ തകരാറിലാക്കുന്നതു (ഓട്ടോ ഇമ്യൂൺ ഡിസോഡർ) മൂലമാണിത്. നാഡീവ്യൂഹത്തിനു സ്ഥിരമായ കേടു സംഭവിക്കുന്ന രോഗാവസ്ഥയാണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ്. അന്നു രോഗം വന്നയാൾക്ക് വാക്സീൻ സ്വീകരിക്കുന്നതിനു മുൻപു തന്നെ രോഗം ഉണ്ടായിരുന്നെന്നു കണ്ടെത്തിയിട്ടുമുണ്ട്.
പരീക്ഷണം നിർത്തിവയ്ക്കേണ്ടി വന്നെങ്കിലും ഈ വർഷമോ അടുത്ത വർഷം ആദ്യമോ വാക്സീൻ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസ്ട്രാസെനക ചീഫ് എക്സിക്യൂട്ടീവ് പാസ്ക്കൽ സോറിയോട്ട് അറിയിച്ചിട്ടുണ്ട്. വാക്സീൻ മൂലമല്ല ആരോഗ്യപ്രശ്നമെന്നു തെളിഞ്ഞാൽ പരീക്ഷണം പുനരരാംഭിക്കാം. എന്നാൽ, വാക്സീൻ മൂന്നാം ഘട്ട പരീക്ഷണം നിർത്തിവച്ചതു റഷ്യ അടക്കം ഉള്ള രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണെന്നും പറയുന്നുണ്ട്.
അതേസമയം, കൊവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് അജ്ഞാത രോഗം കണ്ടെത്തിയ സംഭവം മുന്നറിയിപ്പായി കാണണമെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുള്ളത്. വാക്സിൻ പരീക്ഷണം നടത്തിയ വ്യക്തിയിൽ അജ്ഞാത രോഗം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ, വാക്സിൻ പരീക്ഷണത്തിൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടാകുമെന്നതിന്റെ മുന്നറിയിപ്പാണിതെന്നും, ഇത് നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എന്നാൽ ഇത് വാക്സിൻ പരീക്ഷണം നടത്തുന്ന ഗവേഷകരെ നിരുൽസാഹപ്പെടുത്തരുതെന്നും അവർ പറഞ്ഞിട്ടുണ്ട്.
ഓക്‌സ്ഫോഡ് സർവകലാശാലയും അസ്ട്ര സെനകയും ചേർന്ന് വികസിപ്പിച്ച വാക്സിൻ പരീക്ഷിച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്ക, ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾ ഈ വാക്സിൻ പരീക്ഷണം നിറുത്തി വെക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം ഉണ്ടായത്. 900,000ൽ ഏറെ പേരുടെ ജീവനെടുത്ത കൊവിഡിനെതിരായി വാക്സിൻ കണ്ടെത്താനാകാത്ത നിരാശയിലാണ് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ. കൊവിഡിനെതിരെ ഏറെ പ്രതീക്ഷ നൽകിയിരുന്ന വാക്സിനായിരുന്നു ഓക്‌സ്ഫോഡ് വികസിപ്പിച്ചു കൊണ്ടിരുന്നത്. അതേസമയം സുരക്ഷ ഉറപ്പുവരുത്തിയ ശേഷം വാക്സിൻ പരീക്ഷണം ആരംഭിക്കുമെന്ന് അസ്ട്ര സെനക അറിയിച്ചിരിക്കുകയാണ്.