കോടികള്‍ മുടക്കി സിപിഎമ്മിന് പുതിയ ആസ്ഥാനം
തിരുവനന്തപുരം: അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ആശ്രയകേന്ദ്രമായ സിപിഎമ്മിന് കോടികള്‍ മുടക്കി പുതിയ ആസ്ഥാനം നിര്‍മിക്കുന്നു. നിലവിലെ തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന് എതിര്‍വശത്താണ് പുതിയ മന്ദിരം പണിയുന്നത്. 6.4 കോടി രൂപ ചിലവിലാണ് 32 സെന്റ് സ്ഥലം പാര്‍ട്ടി വാങ്ങിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ തിരുവനന്തപുരം സബ് രജിസ്റ്റ്രാര്‍ ഓഫിസില്‍ 2391/2021 നമ്പറില്‍ കഴിഞ്ഞ മാസം 25നാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തത്.
എകെജി സെന്ററിനു മുന്നില്‍നിന്ന് എംജി റോഡിലെ സ്പെന്‍സര്‍ ജംക്ഷനിലേക്കുള്ള ഡോ. എന്‍.എസ്. വാരിയര്‍ റോഡിന്റെ വശത്താണു പുതിയ സ്ഥലം. പാര്‍ട്ടി നേതാക്കള്‍ താമസിക്കുന്ന ഫ്ളാറ്റും ഇതിനടുത്താണ്. സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയില്‍ എകെജി സെന്റര്‍ പ്രവര്‍ത്തിക്കുന്നത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന ആരോപണം ഏറെക്കാലമായുണ്ട്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ 1977 ലാണ് കേരള സര്‍വകലാശാലാ വളപ്പില്‍നിന്നു 34.4 സെന്റ് സ്ഥലം എകെജി സ്മാരകത്തിനായി പതിച്ചുനല്‍കിയത്. പിന്നീട് സര്‍വകലാശാലയും 15 സെന്റ് നല്കി.
സര്‍വകലാശാലയുടെ സ്ഥലം കൈയേറിയെന്ന ആരോപണം നിയമസഭയില്‍ വരെ ഉയര്‍ന്നതാണ്. എന്നാല്‍ നേതൃത്വം പറയുന്നതെന്തും അപ്പാടെ വിഴുങ്ങണം എന്നു നിര്‍ബന്ധബുദ്ധിയുള്ള സിപിഎം ഈ ആരോപണത്തെ നേരിട്ടതും ഇതേ രീതിയിലാണ്. എന്തായാലും പുതിയ ആസ്ഥാനമന്ദിരം വരുന്നതോടെ ആരോപണങ്ങള്‍ അസ്ഥാനത്താകുമെന്ന് ആശ്വാസിക്കുകയാണ് പാര്‍ട്ടി.
തുടര്‍ഭരണം നേടിയതോടെ ഇന്ത്യയിലൊട്ടാകെ തകര്‍ന്നെങ്കിലും കേരളത്തില്‍ പാര്‍ട്ടി ഓഫീസുകളെന്ന പേരില്‍ ആഡംബര സൗധങ്ങള്‍ കെട്ടിയുയര്‍ത്തുന്ന തിരക്കിലാണ് സിപിഎം. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 20,000 കോടി രൂപയിലേറെയാണ് സിപിഎമ്മിന്റെ ആസ്തി.