ഇന്ത്യ- ചൈന ബന്ധം പരസ്പര വിശ്വാസവും ബഹുമാനവും അടിസ്ഥാനമാക്കി നിലനിർത്തും; സർവീസ് പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യ- ചൈന വിമാന സർവീസ് പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. പരസ്പര വിശ്വാസവും ബഹുമാനവും അടിസ്ഥാനമാക്കി ഇരുരാജ്യങ്ങളുടെയും ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും, 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ പരസ്പര സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും, ഇതിലൂടെ സമഗ്ര ക്ഷേമത്തിന് വഴിയൊരുക്കാമെന്നും അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
ഇപ്പോൾ ഇന്ത്യ- ചൈന ബന്ധം ശരിയായ ദിശയിൽ മുന്നേറുകയാണെന്നും, അതിർത്തി പ്രദേശം ഇപ്പോൾ ശാന്തമാണെന്നും മോദി പറഞ്ഞു. അതിർത്തി മാനേജ്‌മെന്റിനായി പ്രത്യേക പ്രതിനിധികൾ തമ്മിൽ ധാരണയിലെത്തിയതോടെയാണ് സൈനിക പിന്മാറ്റം നടപ്പിലാക്കിയത്. അതോടെ സമാധാനത്തിന്റെയും സ്ഥിരതയുടെയും അന്തരീക്ഷം ഉറപ്പിക്കപ്പെട്ടുവെന്നും, കൈലാസ്- മാനസസരോവർ യാത്രയും പുനരാരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം കസാനിൽ നടന്ന ചർച്ചകൾ ഇരുരാജ്യബന്ധങ്ങൾക്ക് വലിയ ദിശാബോധം നൽകിയതായും മോദി ഓർമ്മിപ്പിച്ചു.
ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയുടെ വിജയത്തിൽ ഷി ജിൻപിങിനെ അഭിനന്ദിച്ച മോദി, ഏഷ്യയിലെ സമാധാനത്തിനായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. നല്ല അയൽക്കാരാകുന്നത് അനിവാര്യമാണെന്നും, “വ്യാളി- ആന സൗഹൃദം” അതിന് മാതൃകയാണെന്നും ജിൻപിങ് മറുപടി നൽകി. കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു.
അമേരിക്കയുമായുള്ള തീരുവ തർക്കം തുടരുന്ന സാഹചര്യത്തിലാണ് മോദി- ജിൻപിങ് കൂടിക്കാഴ്ച നടന്നത്. ഏഴു വർഷത്തിന് ശേഷം ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണസംഘത്തിന്റെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ചൈനയിലെത്തിയത്. ഉച്ചകോടിയിൽ നാളെ അദ്ദേഹം അഭിസംബോധന നടത്തും. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനിനെയും മറ്റു രാഷ്ട്രനേതാക്കളെയും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയ്ക്കായി നേരിടും.
Tag: India-China relations will be maintained based on mutual trust and respect; services will be resumed, says Prime Minister Narendra Modi