അഫ്ഗാനിസ്ഥാന് സഹായഹസ്തവുമായി ഇന്ത്യ; മരുന്നും ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു
അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പ ദുരന്തത്തിന് പിന്നാലെ ഇന്ത്യ സഹായഹസ്തം നീട്ടി. മരുന്നും ഭക്ഷണവും ഉൾപ്പെടെ 21 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ അയച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 1,124 പേർ മരിക്കുകയും 3,251 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. നിരവധി ഗ്രാമങ്ങൾ മണ്ണിനടിയിലായതും വീടുകളും കെട്ടിടങ്ങളും തകർന്നതുമാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയത്.
ഞായറാഴ്ച രാത്രി 11.47ഓടെയാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രതയുള്ള ഭൂചലനം അഫ്ഗാനിൽ അനുഭവപ്പെട്ടത്. ജലാലാബാദിന് കിഴക്കായി 27 കിലോമീറ്റർ അകലെയായിരുന്നു പ്രഭവകേന്ദ്രം. തുടർന്ന്, ഇന്നലെയും 5.2 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായതായി അധികൃതർ അറിയിച്ചു.
നൂർഗൽ, സാവ്കെ, വാതപൂർ, മനോഗി, ചാപ്പ ദാര എന്നീ ജില്ലകളിലാണ് ഏറ്റവും കനത്ത നാശനഷ്ടം ഉണ്ടായത്. പാകിസ്താൻ–അഫ്ഗാൻ അതിർത്തി പ്രദേശങ്ങളും പ്രകമ്പനത്തിൽ ബാധിതമായി. ആദ്യ ഭൂചലനത്തിന് പിന്നാലെ ഉണ്ടായ തുടർചലനങ്ങൾ 4.5 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രകമ്പനം പാകിസ്താനിലെയും ഇന്ത്യയിലെ ചില പ്രദേശങ്ങളിലെയും അനുഭവപ്പെട്ടിട്ടുണ്ട്. 2023 ഒക്ടോബറിലുണ്ടായ ഭൂചലനത്തിൽപോലെ, ഇത്തവണയും വൻ മനുഷ്യാവാസ കേന്ദ്രങ്ങൾ നാശനഷ്ടങ്ങൾക്ക് ഇരയായി.
Tag: India extends helping hand to Afghanistan; sends 21 tonnes of relief materials including medicines and food