GulfLatest NewsNewsUncategorized

അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ കൊറോണ പരിശോധനാ ഫലം നൽകിയ പ്രവാസി പിടിയിൽ

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാജ കൊറോണ പരിശോധനാ ഫലം ഹാജരാക്കിയ പ്രവാസി അറസ്റ്റിൽ. 32കാരനായ പാകിസ്ഥാൻ സ്വദേശിയാണ് അറസ്റ്റിൽ ആയത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2020 ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയതായിരുന്നു ഇയാൾ. വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ ഇയാളുടെ കൈവശമുണ്ടായിരുന്ന കൊറോണ പിസിആർ പരിശോധനാ ഫലം പരിശോധിക്കുകയുണ്ടായി.

എന്നാൽ അതേസമയം ഇതിന്റെ കാലാവധി കഴിഞ്ഞതായി കണ്ടതോടെ പുതിയ കൊറോണ പരിശോധന ഫലം കൊണ്ടുവരാൻ യുവാവിനോട് ആവശ്യപ്പെടുകയുണ്ടായി. ഇതേ തുടർന്ന് വിമാനത്താവളത്തിന് പുറത്തേക്ക് പോയ യുവാവ് അരമണിക്കൂറിനുള്ളിൽ പുതിയ കൊറോണ പരിശോധനാ ഫലവുമായി തിരികെയെത്തി.

പുതിയ കൊറോണ പരിശോധനാ ഫലം പരിശോധിച്ച ഉദ്യോഗസ്ഥൻ ഇതിലെ തീയതി തിരുത്തി കൊണ്ടുവന്നതാണെന്ന് കണ്ടെത്തി. ഷാർജയിൽ നിന്നാണ് പരിശോധന നടത്തിയതെന്നും എന്നാൽ ഇതിന് മൂന്നു ദിവസത്തിന് ശേഷമാണ് യാത്ര ചെയ്യുന്നതെന്നും പാകിസ്ഥാൻ യുവാവ് ദുബൈ പൊലീസിനോട് പറഞ്ഞു. സുഹൃത്തിന്റെ സഹായത്തോടെ പരിശോധനാ ഫലത്തിലെ തീയതി മാറ്റി പുതിയത് ടൈപ്പ് ചെയ്ത് ചേർക്കുകയുമായിരുന്നെന്ന് യുവാവ് സമ്മതിക്കുകയുണ്ടായി.

തുടർന്ന് ഇയാളെ സഹായിച്ച 30കാരനായ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാജരേഖ ഉണ്ടാക്കി കൈമാറിയതായി ഇയാളും സമ്മതിച്ചു. ഇരുവർക്കുമെതിരെ വ്യാജരേഖ ഉണ്ടാക്കിയതിനും അത് ഉപയോഗിച്ചതിനും ദുബൈ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തി. കേസിൽ അടുത്ത വാദം കേൾക്കുന്നത് ഏപ്രിൽ ആറിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button