ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: 30 കേസുകളിൽ കൂടി എം എൽ എ യുടെ അറസ്റ്റ് രേഖപ്പെടുത്തി.

കാസർകോട് / ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ 30 കേസുകളില്‍ കൂടി എം. സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി ജാമ്യം നിഷേധിച്ചതോടെ കൂടുതല്‍ കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി കമറുദ്ദീനെ പ്രതിരോധത്തിലാക്കുകയാണ് അന്വേഷണ സംഘം. 30 കേസുകളില്‍ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ എംഎല്‍എ അറസ്റ്റിലായ കേസുകളുടെ എണ്ണം 44 ആയി. അതേസമയം ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയ എല്ലാ കേസുകളിലും കമറുദ്ദീന്‍ ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. വീണ്ടും ജാമ്യം നിഷേധിക്കുകയാണെങ്കില്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് എംഎല്‍എയുടെ തീരുമാനം.
77 പരാതികളിലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഫാഷന്‍ ഗോള്‍ഡിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്.ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീനെതിരെ രണ്ട് കേസുകള്‍ കൂടി ചന്തേര പൊലീസില്‍ രജിസ്റ്റര്‍ ചെയ്തു. 12 ലക്ഷവും അഞ്ച് ലക്ഷവും വീതം രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്. ഇതോടെ ആകെ പരാതികളുടെ എണ്ണം 129 ആയി.
അതേ സമയം കേസില്‍ കൂട്ടുപ്രതികളായ ജ്വല്ലറി എംഡി ടി കെ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ഇപ്പോഴും ഒളിവിലാണ്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് നാല് ദിവസം കഴിഞ്ഞിട്ടും തങ്ങളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. തങ്ങള്‍ ജില്ല വിടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.