വിദ്യാഭ്യാസ ശാക്തീകരണത്തിന് മുഖ്യമന്ത്രിയുടെ പേരില്‍ ഒരു ഫണ്ട് കൂടി വരുന്നു
തൃശ്ശൂര്‍: സംസ്ഥാനത്ത് വിദ്യാഭ്യാസ ശാക്തീകരണത്തിന് മുഖ്യമന്ത്രിയുടെ പേരില്‍ ഒരു നിധി കൂടി രൂപവത്കരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാതൃകയില്‍ വിദ്യാഭ്യാസ ശാക്തീകരണ നിധി അഥവാ ചീഫ് മിനിസ്റ്റേഴ്‌സ് എജ്യൂക്കേഷന്‍ എംപവര്‍മെന്റ് ഫണ്ട് (സി.എം.ഇ.എം.എഫ്.) എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. സംഭാവനകള്‍ക്ക് ആദായ നികുതി ഇളവുണ്ടാകും.
ഓണ്‍ലൈന്‍ പഠനത്തിനുള്ള പൊതു പ്ലാറ്റ്‌ഫോമായ ജി-സ്വീറ്റിന് ഇണങ്ങുന്ന മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്ലറ്റ് ഫോണ്‍ എന്നിവയെത്തിക്കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്ത് പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് സൗകര്യമൊരുക്കാനാണ് ഈ നിധി ഉപയോഗിക്കുക.
സാമ്പത്തികശേഷി കുറഞ്ഞ കുട്ടികള്‍ക്ക് ഡേറ്റ റീചാര്‍ജ് പണം നല്‍കാനും നിധിയിലെ പണം ഉപയോഗിച്ചേക്കും. ഉപകരണങ്ങള്‍ കേടായാല്‍ അത് നന്നാക്കാനുള്ള പണം നല്‍കുന്നതും പരിഗണനയിലുണ്ട്. കണക്ടിവിറ്റി ലഭ്യമാക്കല്‍, വൈദ്യുതി തടസ്സം ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങളിലും പണത്തിന്റെ ആവശ്യം വന്നാല്‍ നിധിയില്‍ നിന്ന് ഉപയോഗപ്പെടുത്തും.
കേരളത്തിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് ഫണ്ടിലേക്ക് ധന സമാഹരണം നടത്തണമെന്നും പാഠപുസ്തകം ലഭ്യമാക്കുന്ന അതേ ജാഗ്രതയില്‍ ഡിജിറ്റല്‍ ഉപകരണം ലഭ്യമാക്കുകയും വേണമെന്നാണ് മാര്‍ഗരേഖയില്‍ നിര്‍ദ്ദേശിക്കുന്നത്.