ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിലേക്ക്

കൊച്ചി: ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ ഹർജി നൽകും. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതർക്കുമെതിരെ എൻഫോഴ്‌മെന്റ് കള്ളതെളിവ് ഉണ്ടാക്കിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ മൊഴി നൽകിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
സന്ദീപിന്റെ മൊഴി പ്രകാരം രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് ഇഡി ഹർജി നൽകുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാൻ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് സന്ദീപിന്റെ മൊഴി. സന്ദീപിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ചിന് അനുമതി നൽകിയത് ചട്ടങ്ങൾ ലംഘിച്ചെന്നും ഇഡി ആരോപിക്കുന്നു. മൊഴിയെടുക്കാൻ അനുവദിച്ച സെഷൻസ് കോടതി ഉത്തരവ് റദ്ദ് ചെയ്യണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെടും.
ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴും ജയിലിൽ വച്ച് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി സ്പീക്കർ, കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു. ഇഡി ഉദ്യോഗസ്ഥർ പ്രേരിപ്പിച്ച മൊഴി നൽകി കള്ളത്തെളിവുണ്ടാക്കിയതായി സന്ദീപ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
സന്ദീപ് നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും വാർത്തകളുടെ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കേസെടുത്തതെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. സന്ദീപ് നായരുടെ രസഹ്യമൊഴിയെടുക്കാൻ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം സിജെഎം കോടതിയിൽ നൽകിയ റിപോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങളുള്ളത്.