വാക്‌സിന്‍ പാസ്‌പോര്‍ട്ട് : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : ജി7 രാജ്യങ്ങളുടെ ആരോഗ്യ മന്ത്രിമാരുടെ യോഗത്തില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ. ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധനാണ് യോഗത്തില്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയത്. മറ്റ് രാജ്യങ്ങളിലേക്കെത്തുന്ന വാക്‌സിനെടുത്തവരെ തിരിച്ചറിയാനും പൗരാവകാശങ്ങളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാനുമാണ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തുന്നത്.
രാജ്യത്ത് മൂന്ന് ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്. അതിനാല്‍ തന്നെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തുന്നതില്‍ ഇന്ത്യയ്ക്ക് എതിര്‍പ്പുണ്ട്. വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തുന്ന തീരുമാനം വിവേചന പരമാണെന്ന് ഇന്ത്യ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വികസ്വര രാജ്യങ്ങളില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുള്ളത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കാവുന്ന സാഹചര്യം വികസ്വര രാജ്യങ്ങളിലില്ല. ഈ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള തീരുമാനം വിവേചനപരമാണെന്ന് ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി.
വാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് ബോദ്ധ്യമായതിന് ശേഷം മാത്രം പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ മതി. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കണമെന്നും ഹര്‍ഷ വര്‍ദ്ധന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.